കോൺഗ്രസിന് ഒറ്റ നയം മാത്രം -കെ.സി. വേണുഗോപാൽ

കോഴിക്കോട്: പൊരുതുന്ന ഫലസ്തീന് പിന്തുണയുമായി കെ.പി.സി.സി കടപ്പുറത്ത് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ മഹാറാലിയിൽ ജനമൊഴുകി. ഫലസ്തീന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരു നയമേയുള്ളൂവെന്ന് റാലി ഉദ്ഘാടനം ചെയ്ത എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ആഴ്ചക്കാഴ്ചക്ക് മാറ്റുന്ന നയമല്ല അത്. മഹാത്മാ ഗാന്ധി പകർന്ന്, നെഹ്‌റുവും ഇന്ദിരയും രാജീവും ഏറ്റുവാങ്ങിയ ഫലസ്തീൻ പോരാട്ടത്തിനൊപ്പമാണ് കോൺഗ്രസ് നില്‍ക്കുക. നാത്തൂന്‍റെ കണ്ണീരു കണ്ടാല്‍ മതി ആങ്ങള ചത്താലും വേണ്ടീല്ലയെന്ന ചിന്തയുള്ളവർക്കേ ഇക്കാര്യത്തില്‍ സംശയം കാണൂ. ഫലസ്തീന്റെ പോരാട്ടത്തില്‍ കോണ്‍ഗ്രസും ഇന്ത്യയും എന്നും കൂടെയുണ്ടായിരുന്നു. എന്നാൽ, അമേരിക്കയേക്കാള്‍ മുമ്പേ മോദി ഇസ്രായേലിനെ പിന്തുണച്ചു. കോളനിവത്കരണ ശ്രമം എവിടെയുണ്ടായാലും കോണ്‍ഗ്രസ് അതിനെതിരാണെന്നും വേണുഗോപാല്‍ പറഞ്ഞു.

നരേന്ദ്ര മോദിയുടെ വരവിനുശേഷമാണ് ഇന്ത്യയുടെ നയം തിരുത്തപ്പെട്ടതെന്ന് അധ്യക്ഷത വഹിച്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി പറഞ്ഞു. കോണ്‍ഗ്രസ് നിലപാടിനെപ്പറ്റി പുത്തന്‍കൂറ്റുകാര്‍ക്കാണ് സംശയമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ഇസ്രായേല്‍ രൂപവത്കരിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കമ്യൂണിസ്റ്റ് റഷ്യയിലെ സ്റ്റാലിനാണ്. ഇന്ത്യയില്‍നിന്ന് ഇസ്രായേലിലേക്ക് പോയ ആദ്യ പ്രതിനിധി സംഘം ജ്യോതിബസു മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ സോമനാഥ് ചാറ്റര്‍ജിയുടെ നേതൃത്വത്തിലാണ്. ഇ.കെ നായനാര്‍ മന്ത്രിസഭയിലെ അംഗമായിരുന്ന കൃഷ്ണന്‍ കണിയാംപറമ്പിലിന്റെ നേതൃത്വത്തിലും പിണറായി സര്‍ക്കാറിന്റെ കാലത്തും ഒരുസംഘം കൃഷി പഠിക്കാന്‍ ഇസ്രായേലിലേക്ക് പോയിയെന്നും സതീശന്‍ പറഞ്ഞു.ഫലസ്തീന്‍ പ്രശ്‌നത്തെ വോട്ടുബാങ്കിനായി രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കെ. മുരളീധരൻ എം.പി, എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, ശശി തരൂർ എം.പി, സമസ്ത പ്രസിഡന്റ് ജിഫ്‍രി മുത്തുക്കോയ തങ്ങൾ, കേരള മുസ്ലിം ജമാഅത്ത് ജന. സെക്രട്ടറി ഖലീലുൽ ബുഖാരി തങ്ങൾ, ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീ എം.പി, അബ്ദുസമദ് സമദാനി എം.പി, ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ, കെ.എൻ.എം പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി, പി.എൻ. അബ്‌ദുൽ ലത്തീഫ് മദനി, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, ടി. സിദ്ദീഖ് എം.എൽ.എ, അഡ്വ. കെ. ജയന്ത്, അഡ്വ. പി.എം. നിയാസ്, ഡോ. ഐ.പി. അബ്‌ദുൽ സലാം സുല്ലമി, ഡോ. പി.എ. ഫസൽ ഗഫൂർ, കൈതപ്രം ദാമോദരൻ നമ്പൂതിരി,എ. സജീവൻ തുടങ്ങിയവർ സംസാരിച്ചു. എം.കെ. രാഘവൻ എം.പി സ്വാഗതവും അഡ്വ. കെ. പ്രവീൺകുമാർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Congress palestine rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.