തിരുവനന്തപുരം: പൊതുതെരഞ്ഞെടുപ്പിന്റെ ആവേശത്തോടെ എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പ്. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനിലെ രണ്ട് ബൂത്തിൽ നടന്ന വോട്ടെടുപ്പിൽ വലുപ്പ, ചെറുപ്പ, പ്രായ വ്യത്യാസമില്ലാതെ നേതാക്കൾ വരിനിന്ന് സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ട് ചെയ്ത് വിരലിൽ പതിച്ച മഷി അടയാളവുമായി പുറത്തേക്കു വന്നവരുടെ മുഖത്ത് പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത അതേ ഭാവം. ഇന്ദിര ഭവനും പരിസരവും രാവിലെ മുതല്‍ ഉത്സവ ലഹരിയിലായിരുന്നു.
ഇന്ദിര ഭവന് മുന്നിലെ പന്തലിൽ ഒത്തുചേർന്ന ശേഷമാണ് നേതാക്കൾ ബൂത്തിലേക്ക് നീങ്ങിയത്. സ്ഥാനാർഥികളായ മല്ലികാർജുൻ ഖാർഗെക്കും ശശി തരൂരിനും അനുകൂലമായി ചിലർ പരസ്യ നിലപാടെടുത്തപ്പോൾ ഭൂരിഭാഗവും രഹസ്യാത്മകത നിലനിർത്തി. മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ വയലാർ രവി, വി.എം. സുധീരന്, സി.വി. പത്മരാജന്, മുൻ സ്പീക്കർ പി.പി. തങ്കച്ചന് എന്നിവർ വോട്ടിന് എത്തില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു.
രാവിലെ 10 മുതൽ വൈകീട്ട് നാലു വരെയായിരുന്നു വോട്ടെുപ്പ്. തമ്പാനൂർ രവി ആണ് ആദ്യം വോട്ട് ചെയ്തത്. വി.എസ്. ശിവകുമാര്‍, എ.എ. ഷുക്കൂര്‍, എം.പിമാരായ വി.കെ. ശ്രീകണ്ഠന്, ഡീന്‍ കുര്യാക്കോസ് എന്നിവരായിരുന്നു ഖാർഗെയുടെ പോളിങ് ഏജന്റുമാര്‍. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ് ബ്ലോക്ക് പ്രസിഡന്റ് മണ്ണാമൂല രാജന്, കാഞ്ഞിരംകുളം ബ്ലോക്ക് പ്രസിഡന്റ് ശിവകുമാര്‍, വെള്ളറട ബ്ലോക്ക് പ്രസിഡന്റ് വിജയചന്ദ്രന്‍ നായര്‍, കഴക്കൂട്ടം ബ്ലോക്ക് പ്രസിഡന്റ് സനല്‍കുമാര്‍ എന്നിവർ തരൂരിന്റെയും. ക്ഷേത്രദര്‍ശനത്തിന് ശേഷമാണ് തരൂര്‍ വോട്ട് ചെയ്യാന്‍ എത്തിയത്.
കേരളത്തിൽ ആകെയുള്ള 310 പി.സി.സി അംഗങ്ങളിൽ 287 പേർ വോട്ട് ചെയ്തു. മൂന്നുപേർ സമീപകാലത്ത് മരിച്ചിരുന്നു. മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ വയലാർ രവി, വി.എം. സുധീരന്, സി.വി. പത്മരാജന്, മുൻ സ്പീക്കർ പി.പി. തങ്കച്ചന് എന്നിവർ വോട്ടിന് എത്തില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. ശാരീരിക അവശത മൂലവും സ്ഥലത്ത് ഇല്ലാത്തതും കാരണം 13 പേർക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല.
പീഡനക്കേസിൽ പ്രതിയായി ഒളിവിലായ എൽദോസ് കുന്നപ്പിള്ളിയും എത്തിയില്ല. പേരിലെ സാങ്കേതിക പിഴവ് മൂലം കണ്ണൂരിൽനിന്നുള്ള സുരേഷ് ബാബു എളയാവൂരിന് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. ഇതര സംസ്ഥാനങ്ങളിലെ വരണാധികാരികളും ഭാരത് ജോഡോ പദയാത്രികരുമടക്കമുള്ള ഏഴു പേർ പുറത്താണ് വോട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.