മൂലമ്പിള്ളി പുനരധിവാസം നടപ്പാക്കിയിട്ട് മതി കെ-റെയിലിന് കല്ലിടുന്നതെന്ന് കോൺഗ്രസ്

കൊച്ചി: 13 വർഷം മുൻപ് കുടിയിറക്കിയ 316 കുടുംബങ്ങളെ വഴിയാധാരമാക്കിയവർ വീണ്ടും മറ്റൊരു പദ്ധതിയുമായി പാവപ്പെട്ട ജനങ്ങളെ കുടിയിറക്കാൻ വന്നാൽ അതനുവദിക്കുന്ന പ്രശ്‌നമില്ലെന്ന് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്. പിണറായി വിജയനും സി.പി.എമ്മിനും ലാവ്‌ലിൻ മോഡൽ കമ്മീഷനടിക്കാൻ സാധാരണക്കാരുടെ വീടും സ്‌ഥലവും ബലം പ്രയോഗിച്ച് ഏറ്റെടുക്കാനുള്ള നീക്കം അനുവദിക്കില്ല. കൊച്ചിയിൽ മുഖ്യമന്ത്രിയുടെ കെ റെയിൽ വിശദീകരണ യോഗത്തിന് തൊട്ട് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഹമ്മദ് ഷിയാസ്.

സർവേക്കല്ല് പിഴുതാൽ കെ റെയിൽ ഇല്ലാതാവില്ലെന്ന കൊടിയേരിയുടെ പ്രതികരണം തമാശയാണ്. സർവേക്കല്ലിട്ടാൽ പദ്ധതി നടപ്പാകുമെന്നാണ് കോടിയേരിയുടെ ധാരണ. ജനങ്ങൾ കൂടി സമ്മതിച്ചാലേ പദ്ധതി നടപ്പാകൂ. നടക്കാത്ത പദ്ധതികളുടെ പേരിൽ കമ്മീഷൻ അടിക്കലാണ് മുഖ്യമന്ത്രിയുടെ ഉദ്ദേശ്യം. കുറച്ച് നാൾ ലീവിലായത് കൊണ്ടാണ് കോടിയേരി കാര്യങ്ങൾ അറിയാത്തത്. കെ ഫോണിനും ലാപ് ടോപ്പിനും എന്ത് പറ്റിയെന്ന് കൂടി കോടിയേരി അന്വേഷിക്കണം.

മുഖ്യമന്ത്രി ജനങ്ങളെയും കോടിയേരിയേയും ഒരേ പോലെ പറ്റിക്കുകയാണ്. മുഖ്യമന്ത്രി ഇങ്ങോട്ട് പറഞ്ഞത് തന്നെയാണ് ഞങ്ങൾ തിരിച്ചും പറയുന്നത്, പിടിവാശി കാട്ടിയാൽ വഴങ്ങില്ല.

വല്ലാർപാടം പദ്ധതിക്ക് വേണ്ടി ഏഴ് വില്ലേജുകളിൽ നിന്ന് കുടിയിറക്കപ്പെട്ട 316 കുടുംബങ്ങളിൽ 56 പേർക്ക് മാത്രമാണ് പുനരധിവാസം സാധ്യമായത്. ആനുകൂല്യം കിട്ടാതെ 32 പേർ മരിച്ചു.  കടമക്കുടി പഞ്ചായത്തിൽ നൽകിയ സൈറ്റിൽ സി ആർ ഇസഡിന്റെ പേര് പറഞ്ഞ് വീട് പണിയാൻ അനുമതി നൽകിയിട്ടില്ല. കാക്കനാട് തുതിയൂരിൽ 116 കുടുംബങ്ങൾക്ക് അഞ്ച് ഏക്കറോളം ഭൂമി കൈമാറിയെങ്കിലും ഇത് വാസയോഗ്യമല്ലെന്ന് മാത്രമല്ല ഇവിടെ ആർക്കൊക്കെ എവിടെയൊക്കെയാണ് ഭൂമി അനുവദിച്ചിരിക്കുന്നതെന്ന് പോലും അറിയില്ല. കുടിവെള്ളവും വൈദ്യുതിയും ലഭ്യമാക്കിയിട്ടില്ല. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിൽ നിന്ന് ഒരാൾക്ക് വീതമെങ്കിലും പദ്ധതിയിൽ തൊഴിൽ നൽകുമെന്ന് പറഞ്ഞതും നടപ്പാക്കിയിട്ടില്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

വാസയോഗ്യമായ ഭൂമി ലഭ്യമാക്കുന്നത് വരെ 5000 രൂപ വീതം മാസ വാടക നൽകണമെന്ന ഹൈക്കോടതി ഉത്തരവ് പോലും ലംഘിച്ച മനസ്സാക്ഷിയില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. മൂലമ്പിള്ളി പുനരധിവാസം പൂർണമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രക്ഷോഭം ആരംഭിക്കും. മുഴുവൻ കുടുംബങ്ങൾക്കും വാസയോഗ്യമായ വീട് നൽകണം. ഇതിനായി ഏതറ്റം വരെയും പാർട്ടി പോകും.

 രണ്ട് പ്രളയങ്ങളുടെ ദുരിതംഏറ്റ് വാങ്ങിയ ജില്ലക്ക് ഇനിയൊരു പ്രകൃതി ദുരന്തം കൂടി താങ്ങാനാവില്ല. കടുത്ത പാരിസ്‌ഥിതിക ആഘാതമാകും കെ- റെയിൽ നടപ്പാകുന്നതോടെ ഉണ്ടാവുക. ഭൂനിരപ്പിലൂടെ റെയിൽ പോകുന്ന സ്‌ഥലങ്ങളിൽ കോൺക്രീറ്റ് ഉപയോഗിച്ച് മതിൽ പണിയുന്നതോടെ വെള്ളമൊഴുക്ക് തടസ്സപ്പെടും. പ്രളയസാധ്യത വീണ്ടും കൂടും. നാടിനും ജനങ്ങൾക്കും വിനാശകാരിയായ കെ- റെയിൽ പദ്ധതിക്കായി കുടിയൊഴിപ്പിക്കാൻ ഉദ്ദേശിക്കുന്ന സ്‌ഥലത്തെ ജനങ്ങൾക്ക് എല്ലാ സഹായവും നൽകുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

Tags:    
News Summary - Congress says K-Rail after Moolampilly rehabilitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.