തിരുവനന്തപുരം: പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ തദ്ദേശ ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പരിശോധിക്കാന്‍ കോണ്‍ഗ്രസ്. സമീപകാലത്ത് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലെല്ലാം നേട്ടം യു.ഡി.എഫിനായിരുന്നു. അതിൽനിന്നു തീർത്തും വ്യത്യസ്തമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഫലം.
ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കം ലക്ഷ്യമിട്ട് സമരാഗ്നി ജാഥയുമായി പാർട്ടി സംവിധാനങ്ങൾ സജീവമാകുന്നതിനിടെയിലാണ് പ്രതീക്ഷിക്കാത്ത ഫലമെത്തിയത്.
സംസ്ഥാന സര്‍ക്കാറിനെതിരെ ജനവികാരം ശക്തമാക്കി പ്രതിപക്ഷം മുന്നോട്ട് പോകുമ്പോഴാണ് പല സിറ്റിങ് സീറ്റും നഷ്ടമായത്. തിരിച്ചടി പാര്‍ട്ടി പരിശോധിക്കുമെന്ന് മുതിർന്ന നേതാവ് കെ. മുരളീധരന് വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസിന് സിറ്റിങ് സീറ്റുകള്‍ നഷ്ടമായപ്പോള്‍ മുസ്ലിം ലീഗ് പിടിച്ചുനിന്നു. യു.ഡി.എഫ് നേടിയ പത്തിൽ ആറ് സീറ്റിലും ജയിച്ചത് ലീഗാണ്.
തൃക്കാക്കരയിലും പുതുപ്പള്ളിയിലും കനത്ത തോൽവി ഏറ്റതിന്റെ കറുത്ത അനുഭവങ്ങളുണ്ടെങ്കിലും തദ്ദേശ ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ മുറുകെപ്പിടിച്ചാണ് ഇടതുമുന്നണിയുടെ നീക്കം.
‘എന്തെല്ലാം പ്രചാരണങ്ങള്‍ ഉണ്ടായിട്ടും ജനം എന്തൊക്കെയാണ് സ്വീകരിക്കുന്നത് മനസ്സിലായില്ലേ’ എന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നേട്ടം സൂചിപ്പിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. ലോക്സഭയുടെ ട്രെന്റായി പരിഗണിക്കാനാവില്ലെങ്കിലും പ്രതിപക്ഷം പ്രചരിപ്പിക്കും പോലെ ഭരണവിരുദ്ധ വികാരമില്ലെന്ന് തെളിയിക്കാനായി എന്നതാണ് എൽ.ഡി.എഫിന്റെ ആത്മവിശ്വാസം.
തദ്ദേശ സ്ഥാപനങ്ങളിലെ 23 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും പത്തിടത്ത് വീതം ജയിച്ചപ്പോൾ മൂന്നിൽ ജയിച്ചത് ബി.ജെ.പിയാണ്. യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും മൂന്ന് സിറ്റിങ് സീറ്റ് വീതം പിടിച്ചെടുത്താണ് എൽ.ഡി.എഫ് പത്തിലേക്കെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.