തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരെ ഉയര്‍ന്ന പീഡനപരാതിയെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ ഉയര്‍ത്തി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്. എൽദോസിനെതിരെ ഉയർന്ന ആരോപണം കോൺഗ്രസിന്‍റെ പ്രതിച്ഛായക്ക് മങ്ങലേൽപിച്ചിരുന്നു. കണ്ണടച്ച് പിന്തുണക്കുന്നതിന് പകരം എം.എൽ.എക്കെതിരെ നടപടി വേണമെന്ന അഭിപ്രായവും ഉയർന്നിരുന്നു.
പാർട്ടി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയിട്ടും അച്ചടക്കനടപടി വേണമെന്ന ആവശ്യം നിലനിൽക്കെയാണ് മുൻകൂർ ജാമ്യം കിട്ടിയത്. ഇതോടെ അച്ചടക്കനടപടിയുടെ കാര്യത്തിൽ ചർച്ചക്കുശേഷം തീരുമാനം മതിയെന്ന നിലയിലേക്ക് പാർട്ടി നേതൃത്വം മാറി. അതിനിടെയാണ് ഒന്നാം പിണറായി സർക്കാറിൽ അംഗങ്ങളായിരുന്ന രണ്ട് മന്ത്രിമാർക്കും അന്നത്തെ സ്പീക്കർക്കുമെതിരെ സ്വപ്‌ന ലൈംഗികാരോപണങ്ങള്‍ ഉയര്‍ത്തിയത്. ഈ ആരോപങ്ങള്‍ ഉപയോഗിച്ച് എൽദോസ് വിഷയത്തിൽ പ്രതിരോധം തീർക്കാനാണ് കോൺഗ്രസ് നീക്കം.
സി.പി.എം നേതാക്കളുടെ ഇരയായെന്ന് അവകാശപ്പെടുന്ന സ്ത്രീ അക്കാര്യം വെളിപ്പെടുത്തുമ്പോള്‍ പൊതുസമൂഹവും വിശ്വസിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് കോൺഗ്രസ് കരുതുന്നു. ആരോപണത്തിൽ പ്രതികരിക്കാൻപോലും സി.പി.എം നേതാക്കൾ തയാറാകാത്തത് ചൂണ്ടിക്കാട്ടുന്ന കോൺഗ്രസ് നേതൃത്വം, എല്‍ദോസിനും സി.പി.എം നേതാക്കള്‍ക്കും വ്യത്യസ്ത നിയമമാണെന്നും ആക്ഷേപിക്കുന്നു.
എല്‍ദോസിനെതിരെ ആരോപണം വന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കൾ പ്രതികരിച്ചത് ചൂണ്ടിക്കാട്ടിയാണ് സി.പി.എം മൗനത്തിനെതിരായ ആക്രമണം. സ്വപ്‌ന വിശ്വാസ്യതയില്ലാത്ത സ്ത്രീയാണെന്ന് പ്രചരിപ്പിച്ചാണ് സ്വർണക്കടത്ത് വിഷയത്തിൽ സി.പി.എം രക്ഷപ്പെട്ടിരുന്നത്. അവർ ഉയർത്തിയ ലൈംഗികാരോപണത്തിലും അതേ പ്രചാരണം തുടർന്നാൽ എല്‍ദോസിനെതിരെ പരാതി ഉന്നയിച്ച യുവതിയുടെ കാര്യത്തിൽ കോൺഗ്രസും അതേ സമീപനം സ്വീകരിച്ച് പ്രതിരോധിക്കും.
മുന്‍കൂര്‍ ജാമ്യം നല്‍കുന്ന കോടതി ഉത്തരവില്‍ അവരുടെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്ന പരാമര്‍ശം ഉള്ളതും ഉയർത്തിക്കാട്ടും. അതേസമയം, എല്‍ദോസിനെതിരെ അച്ചടക്കനടപടി വേണമെന്ന ആവശ്യം കോൺഗ്രസിലുണ്ട്. മുന്‍കൂര്‍ ജാമ്യം കിട്ടിയിട്ടും അച്ചടക്ക നടപടിയെടുത്ത് മാതൃക കാട്ടിയെന്ന് വിശദീകരിക്കാനും കഴിയും.
ആലുവ: സി.പി.എം നേതാക്കളായ രണ്ട് മുന്‍ മന്ത്രിമാര്‍ക്കും മുന്‍ സ്പീക്കര്‍ക്കും എതിരായ സ്വപ്‌ന സുരേഷിന്‍റെ ആരോപണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്‌പേസ് പാര്‍ക്കില്‍ സ്വപ്നയെ നിയമിച്ചത് വിദേശ കമ്പനികളുമായി വിലപേശി കമീഷന്‍ കൈപ്പറ്റാനാണെന്നാണ് ആരോപണം.
സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലുകള്‍ മൊഴിയായി നല്‍കിയിട്ടും അന്വേഷണത്തിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തയാറായിട്ടില്ല. ബി.ജെ.പി- സി.പി.എം ധാരണയാണ് കാരണം. ലൈംഗിക ആരോപണങ്ങള്‍ വന്നാല്‍ എഫ്.ഐ.ആര്‍ ഇട്ട് അന്വേഷിക്കുന്നതാണ് കേരളത്തിന്‍റെ ചരിത്രം. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ഒരു സ്ത്രീ പരാതി നല്‍കിയപ്പോള്‍ തങ്ങള്‍ അവരുടെ പശ്ചാത്തലം അന്വേഷിച്ച് പോയിട്ടില്ല.
സ്ത്രീയുടെ പരാതിയില്‍ പരിശോധിച്ച് നടപടി എടുക്കുമെന്നാണ് പറഞ്ഞത്. സി.പി.എമ്മും ബി.ജെ.പിയും ധാരണയുള്ളതുകൊണ്ടാണ് ലാവലിന്‍ കേസ് മുപ്പത്തിമൂന്നാം തവണയും മാറ്റിവെച്ചത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അറിഞ്ഞാണ് സര്‍വകലാശാലകളില്‍ വി.സി നിയമനത്തില്‍ ക്രമക്കേട് നടത്തിയത്. ക്രമവിരുദ്ധ നിയമനങ്ങൾ തിരുത്താന്‍ അതിന് കൂട്ടുനിന്ന ഗവര്‍ണര്‍ക്കും ബാധ്യതയുണ്ടെന്നും സതീശൻ പറഞ്ഞു.
തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലില്‍ സര്‍ക്കാര്‍ കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സ്ത്രീപീഡനം ഉള്‍പ്പെടെ ചുമത്താവുന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നത്. വിഡിയോ നിയമപരമായ തെളിവായി കണക്കാക്കി സ്വപ്‌നയില്‍ നിന്ന് വിശദാംശങ്ങള്‍ സ്വീകരിക്കണമെന്നും വി. മുരളീധരന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിരട്ടിയിട്ട് നടക്കാത്തതുകൊണ്ട് കാമ്പയിന്‍ നടത്തി ഗവര്‍ണറെ മാറ്റാമെന്ന് ആരും വിചാരിക്കേണ്ട. ഗവർണർ ഭരണഘടനയുടെ വരുതിക്കേ നില്‍ക്കൂ. അതുകൊണ്ട് അതിനപ്പുറത്തേക്ക് ഭീഷണിപ്പെടുത്തി എന്തെങ്കിലും ചെയ്യിക്കാമെന്നുെവച്ചാല്‍ അത് വൃഥാവിലാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.