പൊതുമരാമത്ത് പ്രവൃത്തികള്‍ കാര്യക്ഷമമാക്കാന്‍ കോണ്‍സ്റ്റിറ്റ്വന്‍സി മോണിറ്ററിങ് ടീം

തൃശൂർ: എണ്ണയിട്ട യന്ത്രം പോലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചാല്‍ നിലവിലെ എല്ലാ പ്രതിസന്ധികളും മറികടന്ന് മുന്നോട്ട് പോകാന്‍ കഴിയുമെന്നും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച റോഡുകളുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ കഴിയുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്റെ കോണ്‍സ്റ്റിറ്റ്വന്‍സി മോണിറ്ററിങ് ടീം സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ രാമനിലയം കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളില്‍ ഓരോ മണ്ഡലത്തിലെയും പൊതുമരാമത്ത് പ്രവൃത്തികളുടെ നിരീക്ഷണ ചുമതല സൂപ്രണ്ടിങ് എഞ്ചിനീയര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അസി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരില്‍ ഒരാള്‍ക്ക് നല്‍കുന്ന പദ്ധതിയാണിത്. 24 സൂപ്രണ്ടിങ് എഞ്ചിനീയര്‍മാര്‍, 57 എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, 59 അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്ക് ചുമതല നല്‍കി.

പദ്ധതിയുടെ ഭാഗമായി നോര്‍ത്ത്, സൗത്ത് എന്നീ റീജ്യനുകള്‍ക്ക് റീജ്യണല്‍ നോഡല്‍ ഓഫീസര്‍മാരായി ചീഫ് എന്‍ജിനീയര്‍മാരായ സിന്ധു, സൈജമോള്‍ എന്നിവരെ നിയമിച്ചു. സംസ്ഥാനത്തെ ചീഫ് നോഡല്‍ ഓഫീസറായി റോഡ് മെയിന്റനന്‍സ് വിഭാഗം ചീഫ് എന്‍ജിനീയര്‍ മനു മോഹന് ചുമതല നല്‍കി. നോഡല്‍ ഓഫീസര്‍മാര്‍ അതാത് നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തികളുടെ മോണിറ്ററിംഗ് ചുമതല വഹിക്കണം. എല്ലാ സൈറ്റുകളിലും പരിശോധന നടത്തി രണ്ട് മാസത്തിലൊരിക്കല്‍ റിപ്പോര്‍ട്ട് റീജ്യണല്‍ നോഡല്‍ ഓഫീസര്‍ മുഖാന്തരം ചീഫ് നോഡല്‍ ഓഫീസര്‍ക്ക് അയച്ചു നല്‍കണം. ചീഫ് നോഡല്‍ ഓഫീസര്‍ ഇത് ക്രോഡീകരിച്ച് സെക്രട്ടറി മുഖാന്തരം മന്ത്രിക്ക് നല്‍കണം. നിലവിലെ നിരീക്ഷണ സംവിധാനത്തിന് പുറമെയാണ് പുതിയ ടീം പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികള്‍ കാര്യക്ഷമമായും സമയബന്ധിതമായും നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

തൃശൂര്‍, എറണാകുളം, ഇടുക്കി, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് 60 നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് തൃശൂരില്‍ നടന്ന സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുത്തത്. സമാനമായ രീതിയില്‍ തിരുവനന്തപുരം, കോഴിക്കോട് റീജിയണുകളിലും പരിപാടി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ഉപകാരപ്രദമായി രീതിയില്‍ ചലനാത്മകമായി പൊതുമരാമത്ത് വകുപ്പിനെ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് നടപടി.

കുതിരാന്‍ രണ്ടാം തുരങ്കം ഏപ്രിലോടെ തുറന്നുനല്‍കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. കോണ്‍സ്റ്റിറ്റ്വന്‍സി മോണിറ്ററിങ് ടീം സംസ്ഥാനതല ഉദ്ഘാടന പരിപാടിയില്‍ പിഡബ്ല്യുഡി മിഷന്‍ ടീം സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ എസ് ഷാനവാസ് അധ്യക്ഷത വഹിച്ചു. ചീഫ് എഞ്ചിനീയര്‍ (മെയിന്റനന്‍സ്) മനു മോഹന്‍, നോഡല്‍ ഓഫീസര്‍മാരായ സൈജമോള്‍, സിന്ധു എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Constituency Monitoring Team to streamline public works

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.