വെള്ളരിക്കുണ്ട്: മലയോര ഹൈവേയിലെ കോളിച്ചാൽ ചെറുപുഴ റീച്ചിൽ വനമേഖലയിലെ റോഡ് നിർമാണത്തിലെ തടസ്സം നീങ്ങുന്നു. വനമേഖലയിലെ നിർമാണത്തിന് അനുമതി തേടി പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ തിങ്കളാഴ്ച ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർക്ക് കത്തു നൽകിയതോടെ ചൊവ്വാഴ്ച രാവിലെ മുതൽ റോഡ് നിർമാണത്തിനാവശ്യമായ വനഭൂമി അളന്ന് തിട്ടപ്പെടുത്തുന്ന നടപടിക്രമങ്ങൾ നടന്നുവരുകയാണ്.
ജില്ല ഫോറസ്റ്റ് ഓഫിസർ അനൂപ് കുമാർ, പൊതുമരാമത്ത് അസി. എൻജിനീയർ, ബളാൽ പഞ്ചായത്ത് പ്രസിഡൻറ് രാജു കട്ടക്കയം, മുൻ എം.എൽ.എ എം. കുമാരൻ, മന്ത്രി ഇ. ചന്ദ്രശേഖരെൻറ പ്രൈവറ്റ് സെക്രട്ടറി പി. പത്മനാഭൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് മരുതോംതട്ട് മുതലുള്ള വനപ്രദേശങ്ങൾ അളന്ന് തിട്ടപ്പെടുത്തുന്നത്.
റോഡ് നിർമിക്കുമ്പോൾ മുറിച്ചുമാറ്റേണ്ട മരങ്ങളുടെ കണക്കുകളും എടുക്കും. മരുതോംതട്ട് മുതൽ കാറ്റാംകവല വനപ്രദേശം ചൊവ്വാഴ്ച അളവ് കാര്യങ്ങൾ നടക്കുമെന്നും അടുത്ത ദിവസം തന്നെ റിപ്പോർട്ട് തിരുവനന്തപുരത്തെ ചീഫ് കൺസർവേഷൻ ഫോറസ്റ്റ് ഓഫിസർക്കു കൈമാറുമെന്നും കാസർകോട് ഡി.എഫ്.ഒ അനൂപ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.