കോഴിക്കോട്: തുടർച്ചയായി നിപ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോഴിക്കോട് ജില്ലയിൽ അടിയന്തര പ്രാധാന്യത്തോടെ ബയോ സേഫ്റ്റി ലെവൽ-3 (ബി.എസ്.എൽ -3) സൗകര്യങ്ങളോടുകൂടിയ ആധുനിക വൈറോളജി ലാബ് സജ്ജമാക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്ന് ആക്ഷേപം. കേന്ദ്ര പി.ഡബ്ല്യു.ഡിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ലാബ് നിർമാണ പ്രവൃത്തി നടത്തുന്നത്. കരാർ പ്രകാരം 2022 മേയിൽ ലാബ് പ്രവർത്തന സജ്ജമാക്കണം. കാലാവധി കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും കെട്ടിട നിർമാണം പോലും പൂർത്തീകരിച്ചിട്ടില്ല.
ജില്ലയിൽ നിപ മുമ്പ് നിയന്ത്രണ വിധേയമാക്കിയെങ്കിലും ഇനിയും വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും നിപ സ്ഥിരീകരിക്കുന്നതിനുള്ള ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർചിന്റെ (ഐ.സി.എം.ആർ) ബി.എസ്.എൽ -3 ലാബ് കോഴിക്കോട്ട് സജ്ജീകരിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടൽ ഉണ്ടായിട്ടില്ല. മെഡിക്കൽ കോളജ് അധികൃതർ നിരവധി തവണ ബന്ധപ്പെട്ടാൽ മാത്രമാണ് സി.പി.ഡബ്ല്യു.ഡി കാരാറുകാർ പ്രതികരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
2018ൽ നിപ പൊട്ടിപ്പുറപ്പെടുകയും 17 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തതിനുപിന്നാലെ കോഴിക്കോടിന് 2019 ജൂണിലാണ് കേന്ദ്രം അഞ്ചരക്കോടി ചെലവിൽ വൈറോളജി ലാബ് നിർമിക്കാൻ ഭരണാനുമതി നൽകിയത്. 2020ൽ നിർമാണം തുടങ്ങിയെങ്കിലും കോവിഡ് കാരണം നിർത്തിവെച്ചു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസിയെയാണ് ഐ.സി.എം.ആർ ലാബ് നിർമാണ കരാർ ഏൽപിച്ചത്. ഹൈദരാബാദിൽനിന്ന് കമ്പനിയാണ് കൺസൾട്ടൻസി.
കെട്ടിട നിർമാണം 90 ശതമാനം പൂർത്തിയായെങ്കിലും മറ്റ് പ്രവർത്തനങ്ങൾ വളരെ മന്ദഗതിയിലാണ്. ഇതോടെ കരാർ റദ്ദാക്കി മറ്റൊരു ഏജൻസിയെ ഏൽപിക്കുന്നതിനുള്ള നടപടികളിലാണിപ്പോൾ സി.പി.ഡബ്ല്യു.ഡി. പ്രവൃത്തി ത്വരിതപ്പെടുത്തുന്നതിന് കോഴിക്കോട് എം.പി എം.കെ. രാഘവൻ സി.പി.ഡബ്ല്യു.ഡി കേരള സൂപ്രണ്ടിങ് എൻജിനീയറോട് ആവശ്യപ്പെട്ടു.
മുംബൈയിലുള്ള മറ്റൊരു കമ്പനിക്ക് പ്രവൃത്തി കൈമാറാൻ തീരുമാനിച്ചിട്ടുണ്ട്. ഈ കമ്പനിയുടെ രേഖകൾ പരിശോധിക്കുന്നതിനും മറ്റ് ചർച്ചകൾക്കുമായി ഈ മാസം 20ന് സി.പി.ഡബ്ല്യു.ഡി സൂപ്രണ്ടിങ് ഓഫിസറുടെ നേതൃത്വത്തിൽ യോഗം ചേരുമെന്നാണ് അറിയുന്നത്. നിപ പോലുള്ള രോഗങ്ങളുടെ സ്ഥിരീകരണം പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് നടത്തുന്നത്. കോഴിക്കോട്ട് ലാബ് പ്രവർത്തനം ആരംഭിച്ചാൽ ഫലം ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുകയും രോഗികൾക്ക് പെട്ടെന്ന് ചികിത്സ ലഭ്യമാക്കാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.