മലപ്പുറം: ബാങ്കിങ് സേവനത്തിലെ വീഴ്ചക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരവും നഷ്ടപ്പെട്ട 2.5 ലക്ഷം രൂപ 12 ശതമാനം പലിശസഹിതവും നൽകാൻ ജില്ല ഉപഭോക്തൃ കമീഷൻ വിധിച്ചു. മഞ്ചേരിയിലെ പേരാപുറത്ത് മൊയ്തീൻകുട്ടി നൽകിയ പരാതിയിലാണ് മഞ്ചേരി എച്ച്.ഡി.എഫ്.സി ബാങ്കിനെതിരായ വിധി.
പരാതിക്കാരന് നഷ്ടമായ 2.5 ലക്ഷം രൂപ 2018 ഏപ്രില്‍ ആറുമുതല്‍ 12 ശതമാനം പലിശസഹിതം നൽകാനും ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുമാണ് കമീഷന് ഉത്തരവ്. 2018 ഏപ്രില്‍ ആറിന് ബിസിനസ് ആവശ്യാർഥം രണ്ടര ലക്ഷം രൂപ കോഴിക്കോട്ടെ അബ്ദുൽ സലാമിന്റെ ഇന്ത്യൻ ഓവർസീസ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനാണ് പരാതിക്കാരന് മഞ്ചേരിയിലെ ബാങ്കിനെ സമീപിച്ചത്.
അക്കൗണ്ട് നമ്പർ വ്യക്തമായി എഴുതി നൽകിയിരുന്നെങ്കിലും പണം തെറ്റായ അക്കൗണ്ടിലേക്കാണ് ക്രെഡിറ്റായത്. തുടർന്ന് ബാങ്കിലും മഞ്ചേരി പൊലീസിലും പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് ഉപഭോക്തൃ കമീഷനെ സമീപിച്ചത്. പരാതിക്കാരൻ എഴുതിനൽകിയതിലെ പിഴവ് കാരണമാണ് സംഖ്യ തെറ്റായ അക്കൗണ്ടിലേക്ക് പോയതെന്നും ഇക്കാര്യത്തിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നുമാണ് ബാങ്ക് അധികൃതർ ബോധിപ്പിച്ചത്.
ബാങ്കിന്റെ ഭാഗത്തുനിന്ന് ഉപഭോക്തൃസേവനത്തിൽ വീഴ്ചയുണ്ടായെന്ന് കണ്ടതിനെത്തുടർന്നാണ് പരാതിക്കാരന് നഷ്ടമായ സംഖ്യ പലിശയടക്കം നൽകാനും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവായി 10,000 രൂപയും നൽകാനും എച്ച്.ഡി.എഫ്.സി ബാങ്കിനോട് നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.