കൊച്ചി: ഉപഭോക്താവിന് പണം പലിശസഹിതം തിരികെ നൽകണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് ഉപഭോക്തൃ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ ജില്ല ഉപഭോക്തൃ കമീഷെൻറ ജാമ്യമില്ലാ വാറൻറ്. എറണാകുളം പഴന്തോട്ടം ഐസക് കോളനിവാസി കെ.വി. ബിനോയിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് പുത്തൻകുരിശ് സി.ഐക്ക് കമീഷൻ അധ്യക്ഷൻ ഡി.ബി. ബിനു നിർദേശം നൽകിയത്.
എറണാകുളം നെല്ലാട് വീട്ടൂർ സ്വദേശി സാബു വർക്കി നൽകിയ പരാതിയിലാണ് ഉത്തരവ്. വീടിെൻറ ചോർച്ച ഫലപ്രദമായി മാറ്റാമെന്ന് അറിയിച്ച് 10 വർഷത്തെ വാറൻറിയും വാഗ്ദാനം നൽകി ജോലി ചെയ്ത് പരാതിക്കാരനിൽനിന്ന് 37,000 രൂപ ബിനോയ് വാങ്ങിയിരുന്നു. ഗുണനിലവാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചതിനാൽ ചോർച്ച കൂടി വീട് വാസയോഗ്യമല്ലാതായതോടെ സാബു വർക്കി പരാതിയുമായി ഉപേഭാക്തൃ കമീഷനെ സമീപിച്ചു.
ഉപഭോക്താവിൽനിന്ന് വാങ്ങിയ തുക 12 ശതമാനം പലിശ സഹിതം തിരിച്ചുനൽകണമെന്നും 2000 രൂപ കോടതിച്ചെലവായി നൽകണമെന്നും കോടതി 2015ൽ ഉത്തരവിട്ടു. എന്നാൽ, ഈ ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് പരാതിക്കാരൻ വീണ്ടും കമീഷെന സമീപിക്കുകയായിരുന്നു. വിധി നടപ്പാക്കാത്ത പ്രതിയുടെ സ്ഥാവര ജംഗമവസ്തുക്കൾ ജപ്തി ചെയ്ത് സിവിൽ കോടതിയെപ്പോലെ തുക ഈടാക്കാൻ അധികാരം നൽകുന്ന 2020 ജൂലൈ 20ന് നിലവിൽ വന്ന പുതിയ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 71ാം വകുപ്പ് പ്രകാരമാണ് കമീഷെൻറ ഉത്തരവ്.
72ാം വകുപ്പ് പ്രകാരം ക്രിമിനൽ നടപടി നിയമപ്രകാരവും കോടതിക്ക് നടപടി സ്വീകരിക്കാൻ അധികാരമുണ്ട്. കമീഷൻ ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഒരു മാസം മുതൽ മൂന്നു വർഷം വരെ തടവുശിക്ഷയോ 25,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ പിഴയോ രണ്ടും കൂടിയോ നിലവിലെ ഉപഭോക്തൃസംരക്ഷണ നിയമപ്രകാരം കോടതിക്ക് വിധിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.