കൊച്ചി: പി.വി. ശ്രീനിജിൻ എം.എൽ.എയെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ ട്വന്റി20 ചീഫ് കോഓഡിനേറ്റർ സാബു എം. ജേക്കബടക്കം പ്രതികൾക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈകോടതി. അതേസമയം, നോട്ടീസ് അയച്ച് വേണം ചോദ്യം ചെയ്യലിന് വിളിച്ചു വരുത്താമെന്നും അറസ്റ്റ് പാടില്ലെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടു.
എം.എൽ.എ നൽകിയ പരാതിയിൽ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാബു നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. ശ്രീനിജിൻ എം.എൽ.എക്ക് നോട്ടീസ് ഉത്തരവായ കോടതി ഹരജി വീണ്ടും 2023 ജനുവരി നാലിന് പരിഗണിക്കാൻ മാറ്റി.
ഒന്നാം പ്രതി സാബു എം. ജേക്കബിനെ കൂടാതെ രണ്ട് മുതൽ ആറുവരെ പ്രതികളായ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ദീന ദീപക്, വൈസ് പ്രസിഡന്റ് പ്രസന്ന പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ സത്യപ്രകാശ്, ജീൽ മാവേലിൽ, രജനി എന്നിവരെ അറസ്റ്റ് ചെയ്യുന്നതും കോടതി തടഞ്ഞു. നോട്ടീസ് നൽകി അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഇവർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇടക്കാല ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ കർഷകദിനത്തിൽ ഐക്കരനാട് കൃഷിഭവനിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ തന്നെ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് ശ്രീനിജിൻ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.