വൈത്തിരി: കനത്ത മഴയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ട വയനാട് ചുരം അടിയന്തര പ്രാധാന്യത്തോടെ നന്നാക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. വേഗത്തിൽ പണിതീർത്ത് എല്ലാ വാഹനങ്ങൾക്കും സഞ്ചരിക്കാനുള്ള സാഹചര്യമൊരുക്കും. ഇതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകും. അതുവരെ ചുരത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം തുടരുമെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ച ചിപ്പിലിത്തോട് ചർച്ചിൽ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിനുശേഷം നടന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ടി.പി. രാമകൃഷ്ണനു പുറമെ മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരും യോഗത്തിൽ പങ്കെടുത്തു. തകർന്ന ഭാഗത്തോടു ചേർന്നുള്ള വനംവകുപ്പിെൻറ സ്ഥലം ഏറ്റെടുത്തു റോഡിനു വീതികൂട്ടി നവീകരിക്കാനാണ് തീരുമാനം. മൂന്നു മാസത്തിനകം റോഡ് പൂർണമായും ഗതാഗതയോഗ്യമാക്കാൻ ശ്രമിക്കും. വലിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തുടരും. അനധികൃത നിർമാണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ നടപടി സ്വീകരിക്കും. വയനാട് ഒറ്റപ്പെട്ടിട്ടില്ലെന്നും ഒറ്റപ്പെടുത്തില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
ഞായറാഴ്ച മുതൽ ചുരത്തിൽ കെ.എസ്.ആർ.ടി.സി ഷട്ട്ൽ സർവിസ് ആരംഭിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കോഴിക്കോട്ടുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ചിപ്പിലിത്തോട് വരെ വന്നു തിരിച്ചുപോകും. ബത്തേരി, മാനന്തവാടി, കൽപറ്റ എന്നിവിടങ്ങളിൽനിന്ന് വരുന്ന ബസുകൾ ചിപ്പിലിത്തോട് റോഡ് ഇടിഞ്ഞതിനടുത്തുവരെ വന്നു തിരിച്ചുപോകും. ഇതിനിടയിലുള്ള 100 മീറ്റർ യാത്രക്കാർ നടന്ന് ബസ് മാറിക്കയറണം. രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെ സർവിസുണ്ടാകും. സൂപ്പർ ക്ലാസ് ബസുകൾ കുറ്റ്യാടി ചുരം വഴിയും പാലക്കാട്, തൃശൂർ ബസുകൾ മേപ്പാടി-നാടുകാണി ചുരം വഴിയും സർവിസ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കണ്ണൂർ മാക്കൂട്ടത്ത് റോഡ് പാടെ തകർന്നു ഗതാഗതം സാധ്യമല്ലാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ കർണാടകയിലേക്കുള്ള ബസുകൾ മാനന്തവാടി കുട്ട വഴി പോകേണ്ടതാണ്. ദീർഘദൂര യാത്രക്കാരുടെ സൗകര്യാർഥം കൽപറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നീ യൂനിറ്റുകളിൽനിന്ന് നേരത്തേ ഓടിയിരുന്ന സമയക്രമം അനുസരിച്ച് ദീർഘദൂര ബസുകൾ സർവിസ് ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ ഉരുൾപൊട്ടി മാറ്റിപ്പാർപ്പിക്കേണ്ടിവന്ന കുടുംബങ്ങൾക്ക് താമസസൗകര്യം, ഭക്ഷണം, ചികിത്സ സൗകര്യങ്ങൾ, വസ്ത്രം നഷ്ടപ്പെട്ടവർക്ക് വസ്ത്രം എന്നിവ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
ദുരന്തത്തിനിരയായവർക്ക് എല്ലാവിധ സഹായവും സജ്ജമാക്കിയിട്ടുണ്ട്. വാർത്തസമ്മേളനത്തിനു മുമ്പ് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രെൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ മന്ത്രിമാർക്ക് പുറമെ എം.എൽ.എമാരായ സി.കെ. ശശീന്ദ്രൻ, ജോർജ് എം. തോമസ്, കോഴിക്കോട് ജില്ല കലക്ടർ യു.വി. ജോസ്, വയനാട് ജില്ല കലക്ടർ എ.ആർ. അജയകുമാർ, ദേശീയപാത സൂപ്രണ്ടിങ് എൻജീനിയർ ടി.എസ്. സിന്ധു, എക്സിക്യൂട്ടിവ് എൻജിനീയർ കെ. വിനയരാജ്, അസി. എക്സിക്യൂട്ടിവ് എൻജിനീയർ പി.െക. ജമാൽ മുഹമ്മദ്, ഡി.എഫ്.ഒ കെ.ആർ. സുനിൽ കുമാർ, താമരശ്ശേരി റേഞ്ച് ഓഫിസർ ഇഫ്രോസ് ഇലിയാസ്, കെ.എസ്.ആർ.ടി.സി ഡി.ടി.ഒ എ. അബ്ദുൽ നാസർ, സോണൽ ഓഫിസർ ജോഷി ജോൺ, ആർ.ടി.ഒ സി.ജെ. പോൾസൺ, റൂറൽ എസ്.പി ജി. ജയദേവ്, താമരശ്ശേരി ഡിവൈ.എസ്.പി പി.സി. സജീവൻ, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക മംഗലത്ത്, ജില്ല പഞ്ചായത്ത് അംഗം വി.ഡി. ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൂപ്പർ അഹമ്മദ് കുട്ടി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.