തിരുവനന്തപുരം: കടയ്ക്കാവൂരിൽ മകനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മാതാവിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്രമങ്ങളിൽ വീഴ്ചയില്ലെന്ന് പ്രാഥമിക വിലയിരുത്തൽ. ദക്ഷിണാമേഖല ഐ.ജി ഹർഷിത അട്ടല്ലൂരി കടയ്ക്കാവൂർ എസ്.ഐ വിനോദ് വിക്രമാദിത്യനെ ഓഫിസിലേക്ക് വിളിച്ചുവരുത്തി കേസ് ഫയലുകൾ പരിശോധിച്ചതിൽനിന്നാണ് വിലയിരുത്തൽ. കൂടുതൽ വിവരങ്ങളും കേസ് ഡയറിയും ചൊവ്വാഴ്ച ഹാജരാക്കാൻ എസ്.ഐയോട് ആവശ്യപ്പെട്ടതായി ഐ.ജി അറിയിച്ചു.
ബാലക്ഷേമസമിതി അധ്യക്ഷ അഡ്വ.എൻ. സുനന്ദ ഡിസംബർ 30ന് കടയ്ക്കാവൂർ എസ്.എച്ച്.ഒക്ക് നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. യുവതിയുടെ ഫോൺ പരിശോധിച്ചതിൽനിന്ന് കുട്ടിയുടെ മൊഴി സത്യമാണെന്ന് ബോധ്യപ്പെട്ടതിനെതുടർന്നാണ് അറസ്റ്റ് അടക്കം നടപടികളിലേക്ക് കടന്നതെന്ന് ഐ.ജിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. യുവതിയുടെ വാട്സ്ആപ് ചാറ്റുകളും ഫോട്ടോകളും മറ്റും വീണ്ടെടുക്കാൻ ഫോൺ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. കുടുംബവഴക്ക് നിലനിൽക്കുന്ന കേസാണെന്ന് അറിഞ്ഞതുകൊണ്ടാണ് പിതാവിെൻറ പരാതിയിൽ കേസെടുക്കാതെ കുട്ടിയെ കൗൺസലിങ് നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബാലക്ഷേമ സമിതിയോട് ആവശ്യപ്പെട്ടത്. അമ്മക്കെതിരെ പറഞ്ഞ കാര്യങ്ങളിൽ കുട്ടി ഉറച്ചുനിൽക്കുന്നതായി അധ്യക്ഷയുടെ റിപ്പോർട്ടിൽ പറയുന്നു.
കൗൺസലിങ് സമഗ്രമായി നടത്താൻ കഴിഞ്ഞില്ലെന്നോ, കൂടുതൽ കൗൺസലിങ് വേണമെന്നോ റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല. വിശ്വസനീയ വിവരം നൽകിയതിെൻറ അടിസ്ഥാനത്തിലും സർക്കാർ ഏജൻസി എന്ന നിലയിലുമാണ് ബാലക്ഷേമ അധ്യക്ഷയെ പരാതിക്കാരിയായി എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയതെന്നും ഐ.ജിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. യുവതിയുടെ അറസ്റ്റിനെതിരെ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയതോടെ ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രത്യേക മെഡിക്കൽ ബോർഡിന് മുന്നിൽ കുട്ടിയെ ഹാജരാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
കേസിൽ മാതാവിെൻറ ജാമ്യാേപക്ഷ പോക്സോ കോടതി തള്ളി. പ്രോസിക്യൂഷൻ ആരോപണങ്ങൾ നിഷേധിക്കാൻ കഴിയില്ലെന്ന നിരീക്ഷണത്തോടെയാണ് ജാമ്യാപേക്ഷ തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.