അട്ടപ്പാടിയിലെ വിവാദ കാറ്റാടി ഭൂമി: തിരിച്ചു പിടിക്കാനൊരുങ്ങി കലക്ടർ

കോഴിക്കോട് : അട്ടപ്പാടിയിലെ വിവാദ കാറ്റാടി ഭൂമിയിൽ സർവേ നടത്തി ആദിവാസികളുടെ ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങി പാലക്കാട് കലക്ടർ ഡോ. എസ്. ചിത്ര. ഈ മാസം നാലിന് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്‍റേതാണ് തീരുമാനം. ആദിവാസി ഭൂമി കൈയേറി സാർജൻറ് റിയാലിറ്റീസ് കമ്പനി കാറ്റാടിയന്ത്രങ്ങൾ സ്ഥാപിച്ചത് ഒഴിപ്പിക്കുന്നതിനുള്ള നടപടിയിൽ ഇതുവരെയുള്ള പുരോഗതി വിവരിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ നിർദേശം നൽകിയിരുന്നു.

ഈ വിഷയം സംന്ധിച്ചും ടി.എൽ.എ കേസുകൾ (ആദിവാസി ഭൂമി അന്യാധീനപ്പെട്ട ) തീർപ്പാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും ചർച്ച ചെയ്യുന്നതിനാണ് യോഗം നടത്തിയത്. യോഗത്തിൽ സാർജൻറ് റിയാലിറ്റീസ് കമ്പനിയുടെ കൈയേറ്റം കണ്ടെത്തുന്നതിനുള്ള സർവേ നടപടികൾ തുടരുന്നതിന് സർവേ ടീമിനെ നിയോഗിക്കാൻ തീരുമാനിച്ചിരുന്നു.

അതനുസരിച്ച് സാർജൻറ് റിയാലിറ്റീസ് കമ്പനിയുടെ അധീനതയിലുള്ളതും കൈമാറിയിട്ടുള്ളതുമായ ഭൂമിയിൽ ആദിവാസി ഭൂമി കണ്ടെത്തുന്നതിനായി സർവേ നടത്തുന്നതിന് സർവേ ടീമിനെ രൂപീകരിച്ചാണ് ഉത്തരവ്. അട്ടപ്പാടി താലൂക്ക് ഫസ്റ്റ് ഗ്രേഡ് സർവേയർ കെ. രഘുനാഥൻ, പാലക്കാട് എൽ.എ.എൻ.എച്ച് ഓഫീസിലെ സെക്കൻഡ് ഗ്രേഡ് സർവേയർ പി. പ്രമോദ് കുമാർ, ചെയിൻ മാൻ വിഷ്ണു എന്നിവരെയാണ് നിയോഗിച്ചത്. ഒറ്റപ്പാലം സബ് കലക്ടറുടെയും അട്ടപ്പാടി ഭൂരേഖ തഹസിൽദാരുടെയും നിർദേശപ്രകാരം സർവേ നടപടികൾ പൂർത്തീകരിക്കണമെന്നാണ് ഉത്തരവ്. ഡെപ്യൂട്ടി സർവേ ഡയറക്ടർ ടീമിന് ആവശ്യം വേണ്ട ടോട്ടൽ സ്റ്റേഷൻ യന്ത്രം എന്നിവ നൽകണമെന്നും ഉത്തരവിൽ പറയുന്നു.

1977 ജനുവരി ഒന്നിന് മുമ്പ് ഭൂമി കൈവശം വെച്ച് വരുന്നത് ക്രമവൽക്കരിക്കുന്നതിന് മറ്റൊരു ഉത്തരവും ഇറക്കി. ഈ ഭൂമിയുടെ സർവേ നടപടികൾ പൂർത്തിയാക്കുന്നതിനായി ഉദ്യോഗസ്ഥരെ നിയോഗിച്ചു. പാലക്കാട് എസ്.എസ്.എൽ.ആറിലെ എസ്. സുജിത്, പാലക്കാട് താലൂക്ക് ഓഫിസിലെ എ. ഫിറോസ് ഖാൻ എന്നിവരെയാണ് നിയോഗിച്ചത്. അട്ടപ്പാടി താലൂക്ക് ഓഫിസർ സർവേ നടപടികൾക്കായി താലൂക്ക് സർവേ വിഭാത്തിൽ നിന്നും ചെയിൻമാൻമാരെ അനുവദിക്കണമെന്നാണ് ഉത്തരവ്. സർവേ നടപടികൾ രണ്ട് ആഴ്ചക്കകം പൂർത്തിയാക്കണമെന്നാണ് ഈ ഉത്തരവ്.

കെ.പി രാജേന്ദ്രൻ റവന്യൂ മന്ത്രിയായിരിക്കെയാണ് അട്ടപ്പാടിയിൽ വൻതോതിൽ ഭൂമി കൈയേറ്റം നടന്നത്. വില്ലേജ് ഓഫിസിർ മുതൽ ചീഫ് സെക്രട്ടറി വരെ അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടും തുടർ നടപടിയുണ്ടായില്ല. ഏതാണ്ട് ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞാണ് നടപടി ആരംഭിക്കുന്നത്. 

Tags:    
News Summary - Controversial wind land in Attapadi: Collector ready to take it back to tribals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.