മന്ത്രി വീണക്ക് യാത്രാനുമതി നിഷേധിച്ചതിൽ വിവാദം

കൊച്ചി: ആരോഗ്യമന്ത്രി വീണ ജോർജിന് കുവൈത്തിലെ തീപിടിത്തത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പോകാനുള്ള അനുമതി കേന്ദ്ര സർക്കാർ നിഷേധിച്ചതിൽ വിവാദം. വ്യാഴാഴ്ച രാത്രി ഒമ്പതരക്കുശേഷമുള്ള വിമാനത്തിൽ പുറപ്പെടാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മന്ത്രിക്ക് കേന്ദ്രം പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തതുമൂലമാണ് യാത്ര മുടങ്ങിയത്. ഇതിനെ തുടർന്ന് അവർ ഗെസ്റ്റ് ഹൗസിലേക്ക് മടങ്ങുകയായിരുന്നു.

കേന്ദ്രത്തിന്‍റെ അനുമതിക്കായി രാവിലെ തന്നെ അപേക്ഷിച്ചിരുന്നെന്നാണ് സംസ്ഥാന സർക്കാറിന്‍റെ വാദം. അനുമതി നിഷേധിച്ചതിൽ സംസ്ഥാന സർക്കാറും പ്രതിപക്ഷവും കേന്ദ്രത്തിനെതിരെ രംഗത്തെത്തിയതോടെയാണ് വിവാദം കത്തിയത്. മന്ത്രിക്ക് യാത്രാനുമതി നൽകാതിരുന്നത് ശരിയായ സമീപനമല്ലെന്നും എന്നാൽ, ഇതുമായി ബന്ധപ്പെട്ട് തൽക്കാലം വിവാദത്തിനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

മന്ത്രിക്ക് അനുമതി നല്‍കാതിരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരം ഘട്ടങ്ങളില്‍ ആവശ്യമില്ലാത്ത സമീപനമാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കുറ്റപ്പെടുത്തി. ഇതോടെ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാക്കളും ഇതിനെതിരെ രംഗത്തുവരികയായിരുന്നു. സംസ്ഥാന മന്ത്രി അവിടെ പോയിട്ട് കാര്യമായി ഒന്നും ചെയ്യാനില്ലെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ വാദം. വിഷയം വിവാദമാക്കിയത് ദൗർഭാഗ്യകരമായെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. വീണ ജോർജ് കുവൈത്തിൽ പോയിട്ട് എന്തു കാര്യമെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ചോദ്യം.

ഇപ്പോൾ വിവാദത്തിനില്ല -മുഖ്യമന്ത്രി

നെടുമ്പാശ്ശേരി: പ്രവാസ ലോകം കണ്ട ഏറ്റവും വലിയ ദുരന്തമാണ് കുവൈത്തിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുവൈത്തിലേക്ക് പോകാൻ ആരോഗ്യമന്ത്രിക്ക് യാത്രാനുമതി നൽകാതിരുന്നത് ശരിയായ സമീപനമല്ല. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് തൽക്കാലം വിവാദത്തിനില്ല.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ അത്യാവശ്യമാണ്. കേരളത്തിന്റെ ജീവനാഡിയാണ് പ്രവാസികൾ. കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം കുവൈത്ത് സർക്കാർ നൽകുമെന്നാണ് കരുതുന്നത്. കേന്ദ്രവും ഫലപ്രദമായ ഇടപെടൽ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദൗർഭാഗ്യകരം -വി.ഡി. സതീശൻ

നെടുമ്പാശ്ശേരി: കുവൈത്തിലേക്ക് പോകാൻ സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ കേന്ദ്ര-സംസ്ഥാന പ്രതിനിധികള്‍ അവിടെ ഉണ്ടാകുക എന്നത് ഏറ്റവും പ്രധാനമാണ്.

സംസ്ഥാനത്തിന്റെ പ്രതിനിധി കൂടി ഉണ്ടായിരുന്നെങ്കില്‍ മലയാളി സംഘടനകളെ ഏകോപിപ്പിച്ച് കുറേക്കൂടി കാര്യങ്ങള്‍ ചെയ്യാനാകുമായിരുന്നു. ഇത്തരം ഘട്ടങ്ങളില്‍ ആവശ്യമില്ലാത്ത സമീപനമാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അതിനോട് യോജിക്കാനാകില്ലെന്നും അദ്ദേഹം വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Tags:    
News Summary - Controversy over Centre not give permission to Veena George to visit Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.