തിരുവനന്തപുരം: സർക്കാറിനെയും മുഖ്യമന്ത്രിയെയും പിടിച്ചുലക്കുന്ന പ്രതിസന്ധികൾക്കും വിവാദങ്ങൾക്കുമിടെ വെള്ളിയാഴ്ച തുടങ്ങുന്ന നിയമസഭ സമ്മേളനം പ്രക്ഷുബ്ധമാകും. ആദ്യദിനം ചരമോപചാരവും വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരെ സംബന്ധിച്ച റഫറൻസും നടത്തി സഭ പിരിയും.
തിങ്കളാഴ്ച മുതലാകും സഭ സമ്മേളനത്തിൽ വിവാദ വിഷയങ്ങൾ ഉയരുക. നിയമനിർമാണത്തിനാണ് പ്രധാനമായും സഭ സമ്മേളനമെങ്കിലും സർക്കാറിനെ വരിഞ്ഞുമുറുക്കിയ വിവാദങ്ങളാകും ആളിക്കത്തുക. പ്രതിപക്ഷത്തിന് യഥേഷ്ടം ആയുധമുള്ള സമ്മേളനത്തിൽ ഭരണപക്ഷത്തിന്‍റെ പ്രതിരോധം എങ്ങനെയാകുമെന്നതും നിർണായകമാണ്.
99 അംഗങ്ങളുണ്ടായിരുന്ന ഭരണപക്ഷ ബെഞ്ചിൽനിന്ന് പി.വി. അൻവർ ഇടഞ്ഞ് പുറത്തിറങ്ങിയതോടെ 98 അംഗങ്ങളാകും ഇനിയുണ്ടാവുക. അൻവറിന്‍റെ പുതിയ ഇരിപ്പിടവും സമ്മേളനത്തിൽ തീരുമാനിക്കും.
എ.ഡി.ജി.പി അജിത്കുമാറിന്റെ ആർ.എസ്.എസ് ബന്ധം, തൃശൂർപൂരം കലക്കൽ വിവാദം, മലപ്പുറത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ വിവാദ പരാമർശവും തുടർന്നുണ്ടായ നിഷേധവും, ‘ദ ഹിന്ദു’ പത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിൽ പി.ആർ ഏജൻസി ഇടനിലക്കാരായത്, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാറിന്റെ ഒളിച്ചുകളി ഉൾപ്പെടെ തിളച്ചുമറിയുന്ന വിവാദകാലത്താണ് സഭ സമ്മേളനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.