തിരുവനന്തപുരം: ചന്ദ്രനിലെ രഹസ്യങ്ങൾ തേടി എൽ.വി.എം 3 റോക്കറ്റ് കുതിക്കുമ്പോൾ പര്യവേക്ഷണങ്ങൾക്കപ്പുറം രാജ്യവും ഐ.എസ്.ആർ.ഒയും ലക്ഷ്യമിടുന്നത് ഭാവി ബഹിരാകാശ ദൗത്യങ്ങൾക്കുള്ള ഇടത്താവളം. റഷ്യയും ചൈനയും അമേരിക്കയും ജപ്പാനും നാസയും യൂറോപ്യൻ സ്പേസ് ഏജൻസികളും കണ്ണുവെക്കുന്നിടത്ത് സ്വന്തമായി മേൽവിലാസം എഴുതിച്ചേർക്കാനുള്ള സ്വപ്നയാത്രയിലാണ് വി.എസ്.എസ്.സിയുടെ സ്വന്തം ‘ഫാറ്റ് ബോയി’
ലോക രാജ്യങ്ങൾ ഇറങ്ങാൻ ഭയക്കുന്ന, ചന്ദ്രന്റെ ‘അക്ഷയഖനി’യെന്ന് ബഹിരാകാശ ഗവേഷകർ വിശേഷിപ്പിക്കുന്ന ദക്ഷിണധ്രുവത്തിലേക്കാണ് ചന്ദ്രയാൻ -3 റോവറുമായി പറന്നിരിക്കുന്നത്. സൂര്യപ്രകാശം വല്ലപ്പോഴുമെത്തുന്ന ഈ ഭാഗത്ത് ജലസാന്നിധ്യം കണ്ടെത്തിയിട്ട് അധികനാളായിട്ടില്ല. അത് എത്രത്തോളമുണ്ടെന്ന് അറിയാനുള്ള പഠനങ്ങളിലാണ് ബഹിരാകാശ ലോകം. ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ച ധാതുപഠനം ലോകം കാത്തിരിക്കുന്ന ഒന്നാണ്. അപൂർവങ്ങളായ ലോഹങ്ങൾ, മൂലകങ്ങൾ തുടങ്ങിയവ ഇവിടെയുണ്ടെന്നാണ് വിശ്വാസം. ദക്ഷിണധ്രുവത്തെ ഉഴുതുമറിക്കാൻ നാസയും ചൈനയും റഷ്യയുമൊക്കെ പദ്ധതികൾ സജീവമാകുമ്പോഴാണ് 610 കോടിയോളം മുതൽമുടക്കിൽ ഇന്ത്യയുടെ മൂന്നാം ചന്ദ്രദൗത്യം ലക്ഷ്യത്തിലേക്ക് കുതിച്ചത്.
ദക്ഷിണധ്രുവത്തിലേക്ക് ഇറങ്ങുക എന്നതാണ് ഏറ്റവും ദുര്‍ഘടമായ ദൗത്യം. ഉപരിതല പ്രത്യേകതയാണ് പ്രധാന കാരണം. വലിയ ഗര്‍ത്തങ്ങളും കുന്നുകളും എല്ലാം ചേര്‍ന്ന ഭാഗത്ത് സൂര്യരശ്മി പതിക്കാത്ത ഇടങ്ങളുണ്ട്. ദക്ഷിണഭാഗത്ത് മഞ്ഞ് രൂപത്തില്‍ ജലമുണ്ടെന്ന് ചന്ദ്രയാൻ ഒന്ന് കണ്ടെത്തിയത് ചന്ദ്രപര്യവേഷണത്തിലെ പ്രധാന നാഴിക്കല്ലായിരുന്നു. അവിടെ നേരിട്ട് ചെന്ന് പഠനം നടത്തുക പ്രധാനമാണ്. ഇതുവരെ സൂര്യരശ്മികള്‍ പതിക്കാത്തതിനാല്‍ ചന്ദ്രന് ഉണ്ടായകാലത്തെ അതേ ഘടനയും സവിശേഷതകളും നിലനില്‍ക്കുന്നുണ്ടാകാം. ധ്രുവപ്രദേശങ്ങളിലെ പാറകളില്‍ നടത്തുന്ന പഠനം സൗരയൂഥത്തിന്റെ പിറവി അടക്കം രഹസ്യങ്ങളിലേക്ക് വെളിച്ചം വീശും. അപകടസാധ്യത ഒളിഞ്ഞിരിപ്പുണ്ടെങ്കിലും ഈ ദൗത്യത്തിന് ലോകരാജ്യങ്ങൾ നിരന്തരം മുതിരുന്നതും ചന്ദ്ര പര്യവേഷണത്തില്‍ നല്‍കിയേക്കാവുന്ന മേധാവിത്വംകൂടി കണക്കിലെടുത്താണ്.
നാസയുടെ ആർട്ടിമസ് ചന്ദ്രദൗത്യവും ദക്ഷിണധ്രുവത്തിലേക്കാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. റഷ്യയുടെ അടുത്ത ലാന്‍ഡർ ദൗത്യമായ ലുണ 25ന്റെ കണ്ണും ദക്ഷിണമേഖലയിൽതന്നെ. ദക്ഷിണധ്രുവത്തിൽ ആദ്യമിറങ്ങുന്ന രാജ്യത്തിന് മുൻഗണനയും അവകാശാധികാരങ്ങളും കൂടുതലായിരിക്കും. ഇത് മനസ്സിലാക്കിയാണ് ഒരുപടി മുന്നേ ചന്ദ്രയാൻ മൂന്ന് പറന്നത്.
ലാൻഡർ സുരക്ഷിതമായി ഇറക്കുന്നതിനിടെ വേഗം നിയന്ത്രിക്കുന്നതിലെ വീഴ്ചയായിരുന്നു ചന്ദ്രയാൻ രണ്ടിന്റെ പരാജയത്തിന് കാരണം. അതിന്റെ പാഠങ്ങൾ മനസ്സിലാക്കി ലാൻഡറിന്റെ പ്രൊപ്പൽഷൻ സിസ്റ്റവും അൽഗോരിതവും പരിഷ്കരിച്ചു. എന്തെങ്കിലും തകരാർ സംഭവിച്ചാൽ ലാൻഡർ തകരാതെ സോഫ്റ്റ് ലാൻഡ് ചെയ്യാൻ പദ്ധതി ആസൂത്രണം ചെയ്തു. നിർദിഷ്ട സ്ഥലത്ത് പറ്റിയില്ലെങ്കിൽ വേറെ സ്ഥലത്ത് ലാൻഡ് ചെയ്യിക്കാനും ഇക്കുറി സാധിക്കും. മാത്രമല്ല ലാൻഡറിന്റെ കാലുകൾക്ക് കൂടുതൽ ഉറപ്പും ബലവും നൽകിയിട്ടുണ്ട്. ലാൻഡർ താഴേക്ക് പതിക്കുമ്പോഴുള്ള പ്രവേഗവും ദിശയും കൃത്യമായി മനസ്സിലാക്കാൻ പുതിയ സെൻസറുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്. ആഗസ്റ്റ് 23ന് ദൗത്യം വിജയകരമായാൽ ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യക്ക് സ്വന്തമാവും. ഭാവിയിൽ ചൊവ്വയിലേക്കും ശുക്രനടക്കം മറ്റു ഗ്രഹങ്ങളിലേക്കും ലാൻഡറിനെ ഇറക്കി പര്യവേഷണം നടത്താനുള്ള ഇടത്താവളമായും ചന്ദ്രനെ ഉപയോഗിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.