പിടിയിലായ ദമ്പതികൾ

കണ്ണൂരിൽ 1.95 കിലോ എം.ഡി.എം.എ, ബ്രൗൺഷുഗർ, ഒപിഎം എന്നിവയുമായി ദമ്പതികൾ അറസ്റ്റിൽ

കണ്ണൂർ: സംസ്ഥാനത്തെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയിൽ ദമ്പതികൾ അറസ്റ്റിൽ. മുഴപ്പിലങ്ങാട് തോട്ടൻറവിട ഹൗസിൽ അഫ്സൽ (33), ഭാര്യ ബൽക്കീസ് ചരിയ (31) എന്നിവരെയാണ് കണ്ണൂർ നഗരത്തിലെ തെക്കിബസാറിൽ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്ന് 1.95 കിലോ എം.ഡി.എം.എ, 67ഗ്രാം ബ്രൗൺഷുഗർ, ഏഴര ഗ്രാം ഒപിയം എന്നിവ പിടിച്ചെടുത്തു. വിപണിയിൽ രണ്ടു കോടി രൂപക്ക് മുകളിൽ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പിടികൂടിയത്.

ബംഗളൂരുവിൽനിന്ന് ബസുവഴി കൊറിയർ സർവിസിലൂടെ പാർസലായി മയക്കുമരുന്നുകൾ നഗരത്തിൽ എത്തിച്ച് വിൽപന നടത്തിവരുകയായിരുന്നു ദമ്പതികൾ. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും ഏതാനും നാളുകളായി പൊലീസ് നിരീക്ഷിച്ച് വരുകയായിരുന്നു.

തെക്കിബസാറിലെ ഒരു കൊറിയർ സർവിസിൽ പാർസലായി എത്തിയ മയക്കുമരുന്ന് കൈപ്പറ്റി മടങ്ങുന്നതിനിടെയാണ് ബൽക്കീസിനെ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. വാട്സ്ആപ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ഇവർ ആവശ്യക്കാരെ കണ്ടെത്തുന്നത്.

ആവശ്യക്കാരും വിൽപന നടത്തുന്നവരും പരസ്പരം കാണാതെയുള്ള വിപണനമാണ് ഇവർ നടത്തുന്നതെന്നും പൊലീസ് പറഞ്ഞു. ഏതാനും മാസങ്ങൾക്കു മുമ്പ് എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ റോഡിൽ എം.ഡി.എം.എ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് ഇരുവരും ചേർന്നാണെന്ന് ചോദ്യം ചെയ്യലിൽ ദമ്പതികൾ സമ്മതിച്ചു.

കൂടുതൽ അന്വേഷണത്തിനായി പ്രതികളെ നാർകോട്ടിക് വിഭാഗത്തിന് കൈമാറും. ഇവരുടെ കുടുംബാംഗങ്ങൾക്കും ലഹരികടത്തിൽ പങ്കുള്ളതായി സംശയമുണ്ടെന്നും ഇത് അന്വേഷിച്ചുവരുകയാണെന്നും സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ പറഞ്ഞു.

Tags:    
News Summary - Couple arrested with 1.95 kg MDMA, brown sugar and OPM in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.