അങ്കമാലിയിൽ യുവദമ്പതികൾ മരിച്ച നിലയിൽ; രണ്ടുമക്കൾക്ക് പൊള്ളലേറ്റു, ഒരാൾക്ക് ഗുരുതരം

അങ്കമാലി: പാറക്കടവ് പഞ്ചായത്തിലെ പുളിയനത്ത് യുവ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനെ മേൽക്കൂരയിൽ തൂങ്ങി മരിച്ച നിലയിലും ഭാര്യയെ പാചകവാതക സിലിണ്ടറിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പൊള്ളലേറ്റ ആറും പതിനൊന്നും വയസുള്ള മക്കളെ അവശനിലയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാറക്കടവ് പഞ്ചായത്തിലെ വാർഡ് 16ൽ പുളിയനം മില്ലുംപടി ഭാഗത്ത് വെളിയത്ത് വീട്ടിൽ ശശിയുടെ മകൻ സനൽ (40), ഭാര്യ സുമി (35) എന്നിവരാണ് മരിച്ചത്. മക്കളായ അശ്വത് (11), ആഷ്തിക് (ആറ്) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ സംഭവമറിഞ്ഞയുടൻ നാട്ടുകാർ രക്ഷിച്ച് അങ്കമാലി എൽ.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ എറണാകുളം മെഡിക്കൽ സെൻറർ ആശുപത്രിയിലേക്ക് മാറ്റി. ശരീരമാസകലം സാരമായി പൊള്ളലേറ്റ ആഷ്തിക്കിന്റെ നില ഗുരുതരമാണ്.

ശനിയാഴ്ച പുലർച്ചെ രാത്രി 12.30ഓടെയാണ് നാടിനെ നടുക്കിയ സംഭവം. സാമ്പത്തിക ബാധ്യതയും കുടുംബ വഴക്കുമാണ് ആത്മഹത്യക്ക് ഇടയാക്കിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. സനൽ ആത്മഹത്യക്ക് ശ്രമിച്ചതോടെ സുമി പാചക വാതക സിലിണ്ടർ തുറന്നിട്ട് തീ കൊടുക്കുകയായിരുന്നുവെന്നാണ് രക്ഷപെട്ട മൂത്ത മകൻ അശ്വതിന്‍റെ മൊഴിയിൽ നിന്നുള്ള സൂചന.

ഇടവഴിയോരത്തെ ചെറിയ ഓട് മേഞ്ഞ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. അർധരാത്രി കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസി സിജോയാണ് വാതിൽ ചവുട്ടി തുറന്നത്. മുൻ വശത്തെ ഹാളിൽ സനലിനെ തൂങ്ങിമരിച്ച നിലയിലും തൊട്ടടുത്ത മുറിയിലെ കട്ടിലിൽ സുമിയുടെ കത്തിക്കരിഞ്ഞ മൃതദേഹവും കണ്ടെത്തുകയായിരുന്നു. വാതിൽ തുറന്നതോടെയാണ് കുട്ടികൾ പുറത്ത് കടന്നത്. അശ്വതിന് മുഖത്തും കൈക്കും നിസാര പൊള്ളലേറ്റു. ഗാഢനിദ്രയിലായിരുന്ന ആഷ്തിക്കിന് ശരീരമാകെ തീപടർന്ന് അവശ നിലയിലായിരുന്നു. കുട്ടികളെ സിജോയുടെ കാറിലാണ് ആശുപത്രിയിലെത്തിച്ചത്.

സംഭവമറിഞ്ഞ് പാഞ്ഞെത്തിയ സമീപവാസികൾ വെള്ളം പമ്പ് ചെയ്തും ചാക്കുകൾ നനച്ചും രക്ഷാ പ്രവർത്തനത്തിലേർപ്പെട്ടു. അങ്കമാലി അഗ്നിരക്ഷ സേനയെത്തി മുക്കാൽ മണിക്കൂറോളം സാഹസിക തീവ്രശ്രമം നടത്തിയാണ് തീ പൂർണമായം അണച്ചത്.

സനലും സുമിയും വർഷങ്ങളായി അങ്കമാലി തുറവൂർ കവലയിൽ വാടക കെട്ടിടത്തിൽ അക്ഷയ കേന്ദ്രം നടത്തി വരുകയാണ്.

കുട്ടികൾ കാലടി ആശ്രമം സ്ക്കൂളിൽ ആറ്, ഒന്ന് ക്ലാസുകളിലാണ് പഠിക്കുന്നത്. സനലും സുമിയും രാവിലെ മക്കളോടൊപ്പം അക്ഷയ കേന്ദ്രത്തിലേക്ക് പോയാൽ രാത്രിയാണ് കുട്ടികളോടൊപ്പം മടങ്ങിയെത്തുന്നത്. അതിനാൽ നാട്ടുകാരുമായോ സമീപവാസികളുമായോ കൂടുതൽ അടുപ്പമുണ്ടായിരുന്നില്ല.

സനലിന്‍റെയും സുമിയുടെയും കുടുംബങ്ങൾ തമ്മിലും അകന്നാണ് കഴിഞ്ഞിരുന്നത്. ഇരുവർക്കും കനത്ത സാമ്പത്തിക ബാധ്യതയുമുണ്ടായിരുന്നു. സ്വത്ത് സംബന്ധമായി വീട്ടുകാർ തമ്മിൽ നിരന്തരം വഴക്കിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. വീടിനകത്ത് നിന്ന് സാമ്പത്തിക ബാധ്യതയും സ്വത്ത് തർക്കങ്ങളും വിശദമാക്കുന്ന 13ഓളം പേജുള്ള കത്ത് പൊലീസിന് ലഭിച്ചിട്ടുണ്ട്. വിഷം കലർത്തിയ ഐസ്ക്രീമും മുറിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

സംഭവമറിഞ്ഞ് ആലുവ ഡി.വൈ.എസ്.പി ടി.ആർ. രാജേഷ്, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി വി.എസ്. നവാസ്, അങ്കമാലി സർക്കിൾ ഇൻസ്പെക്ടർ ആർ.വി. അരുൺകുമാർ തുടങ്ങിയവരും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി. ഉച്ചയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകുന്നേരത്തോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Tags:    
News Summary - Couple found dead in Angamaly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.