തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതിമാര്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ പൊലീസിന്‍റെ വീഴ്ച അന്വേഷിക്കാന്‍ ഉത്തരവിട്ട് ഡി.ജി.പി ലോകനാഥ് ബെഹ്‌റ. തിരുവനന്തപുരം റൂറല്‍ എസ്.പിക്കാണ് അന്വേഷണ ചുമതല. ജപ്തിക്കിടെ രാജന്‍- അമ്പിളി ദമ്പതിമാർ മരിക്കാനിടയായത് പൊലീസിന്റെ അനാസ്ഥയെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം.
പൊലീസ് തട്ടിതെറിപ്പാക്കാൻ ശ്രമിച്ചതിനാലാണ് മരണമുണ്ടായതെന്നും മാതാപിതാക്കളുടെ മരണത്തിന് ഉത്തരവാദി പൊലീസാണെന്നും മക്കൾ ആരോപിച്ചിരുന്നു.
ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസ് ഇടപെട്ടതോടെയാണ് തീ കൊളുത്തേണ്ടി വന്നതെന്നും മരിക്കുന്നതിന് മുന്‍പായി രാജന്‍ മൊഴി നല്‍കിയിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ഒഴിപ്പിക്കല്‍ നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈകോടതി ഉത്തരവ് വന്നിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി അറിഞ്ഞാണ് പൊലീസ് ഒഴിപ്പിക്കാനായി എത്തിയതെന്നാണ് മക്കളായ രഞ്ജിത്തിന്റെയും രാഹുലിന്റെയും ആരോപണം.
തര്‍ക്കഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടിക്കിടെയാണ് രാജനും ഭാര്യ അമ്പിളിയും തീ കൊളുത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാജനും അമ്പിളിയും മരണത്തിന് കീഴടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.