തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. നാളെ കേസ് വിചാരണ കോടതിക്ക് കൈമാറും. തമിഴ്‌നാട് സ്വദേശി രാജേന്ദ്രനാണ് കേസിലെ ഏക പ്രതി. വിനീതയുടെ മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയിലാണ് പ്രതി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 11 ആണ് പ്രാഥമിക കേസ് നടപടികൾ കൈകാര്യം ചെയ്യുന്നത്.
പേരൂർക്കട പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. 750 പേജുകളുള്ള കുറ്റപത്രത്തിൽ 118 സാക്ഷികളും, 158 രേഖകളും, കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഉൾപ്പെടെ 51 തൊണ്ടി സാധനങ്ങളും ഉണ്ട്.
2022 ഫെബ്രുവരി ആറിനാണ് ചെടിക്കട ജീവനക്കാരിയായ വിനീതയെ രാജേന്ദ്രന്‍ കൊലപ്പെടുത്തിയത്. ലോക്ഡൗൺ നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന ഒരു ഞായറാഴ്ചയാണ് കടയിലെ ജീവനക്കാരിയായ വിനീതയെ കൊലപ്പെടുത്തുന്നത്. വിനീതയെ കൊലപ്പെടുത്തിയ ശേഷം പ്രതി ധരിച്ചിരുന്ന ഷർട്ട് സമീപത്തെ കുളത്തിൽ ഉപേക്ഷിക്കുകയും കത്തി പ്രതി ജോലി ചെയ്‌തിരുന്ന ചായക്കടയിൽ ഒളിപ്പിച്ചു വെയ്ക്കുകയുമായിരുന്നു.
സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രികരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ നാലാം ദിവസം തമിഴ്‌നാട്ടിൽ നിന്നും പിടികൂടുന്നത്. പ്രതിക്കെതിരെ തമിഴ്‌നാട് പോലീസും കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. രാജേന്ദ്രൻ ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.