തിരുവനന്തപുരം: ഭൂമി വിൽപന കരാർ ലംഘിച്ചതിനു പൊലീസ് മേധാവിയുടെയും ഭാര്യയുടെയും ഭൂമി കോടതി ജപ്തി ചെയ്തു. ഡി.ജി.പി എസ്. ദർവേശ് സാഹിബിന്റെയും ഭാര്യയുടെയും പേരിലുള്ള പേരൂർക്കട വില്ലേജിലെ 10.8 സെന്റ് ഭൂമിയാണ് തിരുവനന്തപുരം അഡീഷനൽ സബ് കോടതി ജപ്തി ചെയ്തത്. ഭൂമി വിൽക്കാനായി 74 ലക്ഷം രൂപയുടെ കരാർ ഉണ്ടാക്കുകയും 30 ലക്ഷം രൂപ മുൻകൂർ വാങ്ങുകയും ചെയ്ത ശേഷം കരാർ ലംഘിച്ചെന്നാണ് പരാതി.
പൊലീസ് മേധാവിയായിരിക്കുമ്പോഴാണ് ദർവേശ് സാഹിബ് വഴുതക്കാട് സ്വദേശിയായ പ്രവാസി ടി. ഉമർ ഷെരീഫുമായി കരാർ ഒപ്പിട്ടത്. രണ്ടു മാസത്തിനകം ഭൂമി കൈമാറാം എന്നായിരുന്നു കരാര്‍. കരാര്‍ ദിവസം ഉമര്‍ 15 ലക്ഷം രൂപ നൽകിയിരുന്നു. പിന്നീട് ഡി.ജി.പി ആവശ്യപ്പെട്ട പ്രകാരം രണ്ടുതവണയായി 15 ലക്ഷം കൂടി നൽകി. അവസാനം നല്കിയ അഞ്ചു ലക്ഷം രൂപ ഉമര്‍ ഡി.ജി.പി ഒാഫിസില്‍ നേരിട്ട് എത്തിയാണ് നല്‍കിയത്. അന്നുതന്നെ കരാറിന് പുറമെ, 15 ലക്ഷം കൂടി കൈപ്പറ്റിയതായി ഡി.ജി.പി കരാര്‍ പത്രത്തിന് പിറകില്‍ എഴുതി നല്‍കുകയും ചെയ്തു.
ദിവസങ്ങള്‍ക്കു ശേഷം വീണ്ടും 25 ലക്ഷം ആവശ്യപ്പെട്ടപ്പോള്‍ പ്രമാണത്തിന്റെ ഒറിജിനല്‍ കാണണമെന്ന് ഉമര്‍ ആവശ്യപ്പെട്ടു. ബാധ്യതകള്‍ ഒന്നും ഇല്ലെന്ന് പറഞ്ഞാണ് ഉമറില്‍നിന്ന് 30 ലക്ഷം വാങ്ങിയിരുന്നത്. ഉമര്‍ നടത്തിയ അന്വേഷണത്തില്‍ ഈ വസ്തു എസ്.ബി.ഐ ആല്‍ത്തറ ശാഖയില്‍ 26 ലക്ഷം രൂപക്ക് പണയപ്പെടുത്തിയതായി അറിയാന്‍ കഴിഞ്ഞു. ഇതിനെത്തുടര്‍ന്ന് നല്‍കിയപണം മടക്കി വേണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു. പണം നല്‍കാനാകില്ല, വസ്തു നല്‍കാം എന്നായിരുന്നു മറുപടി. ഇതോടെ, പലിശയും ചെലവും ഉൾപ്പെടെ 33.35 ലക്ഷം രൂപ ആവശ്യപ്പെട്ട് ഉമർ ഷെരീഫ് കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ജപ്തി. പണം തിരികെ നൽകുമ്പോൾ ജപ്തി ഒഴിവാകും എന്നതാണ് വ്യവസ്ഥ.
അതേസമയം, ഭൂമി ഇടപാടില്‍നിന്നും ഒരു പിന്‍വാങ്ങലും നടന്നിട്ടില്ലെന്ന് ഡി.ജി.പി പ്രതികരിച്ചു. കൃത്യമായ കരാറോടെയാണ് ഭൂമി വില്പനയില് ഏര്‍പ്പെട്ടത്. അഡ്വാന്‍സ് പണം നല്കിയ ശേഷം കരാറുകാരന് ഭൂമിയില്‍ മതില് കെട്ടി. മൂന്നു മാസം കഴിഞ്ഞ് അഡ്വാന്‍സ് തുക തിരികെ ചോദിച്ചു. ഇതില്‍ തനിക്കാണ് നഷ്ടം സംഭവിച്ചതെന്നും ഡി.ജി.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.