കൊച്ചി: കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയിൽ വിപ്ലവഗാനം പാടിയതുമായി ബന്ധപ്പെട്ട ഹരജിയിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി എസ്. വികാസിന് ഹൈകോടതിയുടെ നോട്ടീസ്. വികാസിനൊപ്പം കക്ഷി ചേർത്ത കടയ്ക്കൽ പൊലീസ് ഇൻസ്പെക്ടർക്കും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നോട്ടീസ് ഉത്തരവായി. ഇരുവരും അടുത്തയാഴ്ച മറുപടി സത്യവാങ്മൂലം നൽകണമെന്നും പരിപാടിയുടെ സമ്പൂർണ വിഡിയോഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. സ്റ്റേജിന്റെ പശ്ചാത്തലത്തിൽ സി.പി.എം, ഡി.വൈ.എഫ്.ഐ പതാകകൾ പ്രദർശിപ്പിച്ചിരുന്നതായി ആരോപണമുയർന്ന സാഹചര്യത്തിലാണ് ഇത്.
ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 10ന് അലോഷി അവതരിപ്പിച്ച ഗാനമേളക്കിടെയാണ് വിപ്ലവഗാനം പാടിയത്. ഇത് ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ അഡ്വ. വിഷ്ണു സുനിൽ പന്തളം നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇത്തരം കാര്യങ്ങൾ ക്ഷേത്ര പരിസരത്ത് അനുവദിക്കാനാകില്ലെന്ന് പറഞ്ഞ കോടതി ഇത് മതസ്ഥാപന (ദുരുപയോഗ) നിയമത്തിന്റെ ലംഘനമാകില്ലേയെന്നും ആരാഞ്ഞു. ഏപ്രിൽ മൂന്നിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.