കോഴിക്കോട്: പി.ഡബ്ല്യു.ഡി എൻജിനീയർമാർ ജോലിക്ക് ഹാജരാവാതെ ശമ്പളം വാങ്ങിയതായി പൊതുമരാമത്ത് ചീഫ് എൻജിനീയർക്ക് വകുപ്പ് മന്ത്രി ജി. സുധാകരെൻറ കത്ത്. ഫെബ്രുവരി എട്ടുമുതൽ മേയ് എട്ടുവരെയുള്ള തീയതികളിൽ പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ, അസി. എക്സി. എൻജിനീയർ, എക്സി. എൻജിനീയർ, സുപ്രണ്ടിങ് എൻജിനീയർ, ചീഫ് എൻജിനീയർ ഒാഫിസുകളിൽ അവധി എടുത്തോ അല്ലാതെയോ ഹാജരാകാതിരുന്ന എൻജിനീയർമാരുടെ പേരുവിവരങ്ങൾ തസ്തിക സഹിതം അഞ്ചു ദിവസത്തിനുള്ളിൽ തനിക്ക് സമർപ്പിക്കണമെന്ന് മേയ് എട്ടിന് ജി. സുധാകരൻ അയച്ച കത്തിൽ വ്യക്തമാക്കുന്നു.
ധാരാളം പേർ ഹാജരാവാതെ ശമ്പളം വാങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് റിപ്പോർട്ട് ചോദിക്കുന്നതെന്നും മന്ത്രി കത്തിൽ പറയുന്നു. രണ്ട് ചീഫ് എൻജിനീയർമാർ പ്രൊമോഷൻ ലഭിച്ചതിനുശേഷം ഒരു ജോലിയും ചെയ്യാതെ വീട്ടിൽ ഇരുന്നു. ഇക്കാര്യം അഡ്മിനിസ്ട്രേഷൻ വിഭാഗം അറിഞ്ഞതേയില്ല. അവർ ചാർജ് എടുത്ത് ജോലിചെയ്യുന്നുണ്ടോ എന്ന കാര്യം പരിശോധിച്ച് റിപ്പോർട്ട് തന്നിട്ടില്ല.
ഇതാണ് സ്ഥിതിയെങ്കിൽ കൊറോണക്കാലത്ത് പണിയെടുക്കാത്തവരായിരിക്കും 90 ശതമാനം പേരും. വിശദമായ റിപ്പോർട്ട് തരണം എന്നു പറഞ്ഞുകൊണ്ടാണ് മന്ത്രി ചീഫ് എൻജിനീയർക്കുള്ള കത്ത് അവസാനിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് അന്വേഷിക്കാൻ വിജിലൻസ് വിഭാഗത്തിനും സൂപ്രണ്ടിങ്, എക്സിക്യൂട്ടിവ് എൻജിനീയർമാർക്കും ചീഫ് എൻജിനീയർ നിർദേശം നൽകിയിട്ടുണ്ട്. അതേ സമയം, കോവിഡ് കാലത്ത് ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ച് എങ്ങനെ മുഴുവൻപേർക്കും ഹാജരാവാൻ സാധിക്കുമെന്നാണ് പി.ഡബ്ല്യു.ഡി വൃത്തങ്ങൾ ചോദിക്കുന്നത്. 80,000 മുതൽ ഒന്നര ലക്ഷം രൂപ വരെയാണ് വിവിധ ഗ്രേഡുകളിലെ എൻജിനീയർമാരുടെ പ്രതിമാസ ശമ്പളം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.