തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവര്ത്തനത്തിെൻറ ഭാഗമായി രോഗികളുടെ ടെലിഫോണ്‍ രേഖകള്‍ ശേഖരിക്കണമെന്ന ഡി.ജി.പിയുടെ നിർദേശം വിവാദത്തിൽ. നിയമവിരുദ്ധമാണെന്നും വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കഴിഞ്ഞദിവസം കോവിഡ് പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷമാണ് രോഗികളുടെ ടെലിഫോണ്‍ രേഖകള്‍ അഥവാ സി.ഡി.ആര് കര്‍ശനമായി ശേഖരിക്കണമെന്ന ഉത്തരവ് ഡി.ജി.പി ലോക്നാഥ് ബെഹ്റ പുറത്തിറക്കിയത്.
ബി.എസ്.എൻ.എല്ലിൽനിന്ന് രേഖകള്‍ കൃത്യമായി കിട്ടുെന്നന്ന് ഉറപ്പാക്കാന്‍ ഇൻറലിജന്‍സ് എ.ഡി.ജി.പിയെ ചുമതലപ്പെടുത്തി. ചില മേഖലകളില്‍ വോഡഫോണില്‍നിന്ന് രേഖകള്‍ കൃത്യമായി കിട്ടുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് പരിഹരിക്കണമെന്നും ഡി.ജി.പിയുടെ ഉത്തരവില്‍ നിർദേശിക്കുന്നു. നിലവില്‍ കോവിഡ് പോസിറ്റിവായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടിക കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിർദേശപ്രകാരമാണ് സി.ഡി.ആര് ശേഖരിക്കുന്നത്. എന്നാല്‍ കോവിഡ് പ്രതിരോധത്തിെൻറ ചുമതല പൊലീസിന് നല്‍കിയതോടെയാണ് ടെലിഫോണ്‍ രേഖകള്‍ വ്യാപകമായി ശേഖരിക്കാന്‍ നടപടി തുടങ്ങിയത്. ഒരാള്‍ ക്രിമിനല്‍ കേസില്‍ പ്രതിയാവുകയാണെങ്കില്‍ മാത്രമാണ് സാധാരണ സി.ഡി.ആര് എടുക്കാറുള്ളത്. പല സേവനദാതാക്കളും ടെലിഫോണ്‍ രേഖകള്‍ നല്കാന് മടികാണിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഡി.ജി.പി കര്‍ശനനിർദേശം നല്‍കിയിരിക്കുന്നത്.
കോവിഡ് നിയന്ത്രണം പൂര്‍ണമായും പൊലീസിനെ ഏല്പിക്കുന്നതില് യോജിപ്പില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ആരോഗ്യവകുപ്പ് ചെയ്യേണ്ട കാര്യങ്ങള്‍ പൊലീസിന് നല്‍കുമെന്ന് മുഖ്യമന്ത്രി പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
ഇപ്പോള്‍തന്നെ പൊലീസിനെക്കുറിച്ച് നിരവധി പരാതികളാണ് പുറത്തുവരുന്നത്. പൂര്‍ണമായും ഏല്പിച്ചാലുള്ള അവസ്ഥ എന്താകുമെന്ന് അറിയാമല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.