പി.കെ. കുഞ്ഞാലിക്കുട്ടി 

സംഭലില്‍ നടക്കുന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് വര്‍ഗീയ വിഭജനം -കുഞ്ഞാലിക്കുട്ടി

മലപ്പുറം: യു.പിയിലെ സംഭലില്‍ നടക്കുന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് വര്‍ഗീയ വിഭജനമാണെന്നും ആ ജനതക്ക് നീതി ലഭിക്കാന്‍ മുസ്‌ലിംലീഗ് സഭക്കകത്തും പുറത്തും ആവശ്യമായത് ചെയ്യുമെന്നും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ​അദ്ദേഹം.

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കുമെതിരെ ബി.ജെ.പി ഹിംസാത്മകമായ നിലപാട് പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. ആശ്വാസവുമായി പോയ മുസ്‌ലിംലീഗ് എം.പിമാരെ തടഞ്ഞുവെച്ച് ഏകാധിപത്യ സ്വഭാവത്തിലാണ് അവിടുത്തെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി യോഗം ചേര്‍ന്ന് സംഭലിലെ ഇരകള്‍ക്ക് നിയമസഹായം നല്‍കുന്നതും പ്രധാനമന്ത്രിയെയും അഭ്യന്തര മന്ത്രിയെയും കാണുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഇത്തരം അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക, ബലഹീന ജനവിഭാഗങ്ങളെല്ലാം വലിയ ഭീതിയിലും ആശങ്കയിലുമാണ്. എന്നാല്‍ കേന്ദ്ര, ബി.ജെ.പി സര്‍ക്കാറുകള്‍ക്ക് അതൊന്നും വിഷയമല്ല. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞ പുതുക്കേണ്ട സമയമാണിത്. കലാപം അഴിച്ചുവിടാനുള്ള ഗൂഢശ്രമമാണ് രാജ്യത്തെങ്ങും നടക്കുന്നത്. ഒരു ആരാധനാലയം കഴിഞ്ഞാല്‍ മറ്റൊന്ന് എന്ന തരത്തില്‍ ആരാധനാലയങ്ങള്‍ കുഴിച്ചു നോക്കുന്ന പദ്ധതി നല്ലതിനല്ല. അത്തരം രാഷ്ട്രീയത്തിന് തിരിച്ചടിയുണ്ടാകും. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അയോധ്യയില്‍ ബി.ജെ.പി പരാജയപ്പെട്ടത് ഉദാഹരണമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

മുണ്ടക്കൈ ദുരന്തം: പ്രക്ഷോഭസമരങ്ങൾ ആലോചിക്കും

മലപ്പുറം: മുണ്ടക്കൈ ദുരന്തത്തിലെ ഇരകളുടെ കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അലംഭാവം തുടരുമ്പോള്‍ പ്രക്ഷോഭ സമരങ്ങളെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുനരധിവാസത്തിലെ കാലതാമസം സഹായം നല്‍കാന്‍ തയാറായി നില്‍ക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് പോലും പ്രയാസമായിരിക്കുകയാണ്. വിഷയം പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കുമെന്നാണ് പ്രിയങ്കാഗാന്ധി പറഞ്ഞത്. -പ്രതിപക്ഷ ഉപനേതാവ് പറഞ്ഞു.

നവീൻബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തെ സി.പി.എം എതിർക്കുന്നത് സംശയാസ്പദം

മലപ്പുറം: സി.ബി.ഐ അന്വേഷണം വേണമെന്ന നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചു കൊടുക്കുകയായിരുന്നു മര്യാദയെന്നും സി.പി.എം എതിര്‍ക്കുന്നത് സംശയാസ്പദമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു മുന്‍ ഗവണ്‍മെന്റുകള്‍ ചെയ്തിരുന്നത്.

ഗവര്‍ണര്‍ ഭരണം അനുവദിക്കാനാവില്ല

മലപ്പുറം: കേരളത്തിലെ യൂണിവേഴ്‌സിറ്റി ഭരണം ശരിയാംവിധത്തിലല്ല നടക്കുന്നതെന്ന് യു.ഡി.എഫിന് അഭിപ്രായമുണ്ടെന്നും എന്നാല്‍ ഗവര്‍ണര്‍ കയറി ഭരിക്കുകയെന്നത് അംഗീകരിക്കാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളുടെ താല്‍പര്യത്തിനനുസരിച്ച് മാത്രമേ ഗവര്‍ണര്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. എന്നാല്‍ ബി.ജെ.പി ഇതര സര്‍ക്കാറുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ ഭരണം രാഷ്ട്രീയ തന്ത്രമാണെന്നും അനുകൂലിക്കാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

Tags:    
News Summary - Government sponsored communal division in Sambhal -Kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.