ചാലക്കുടി: ചാലക്കുടി നഗരസഭയിൽ കോവിഡ് സ്ഥിരീകരിച്ച വനിത അംഗത്തിന്റെ മകനും രോഗബാധ. ഇതോടെ ചാലക്കുടിയിൽ ആകെ മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരിച്ചു. കോടശ്ശേരി പഞ്ചായത്തിൽ ഷാർജയിൽ നിന്നെത്തിയ 47 വയസ്സുള്ള പുരുഷനും കൊരട്ടി പഞ്ചായത്തിൽ ഖത്തറിൽ നിന്നെത്തിയ 43 വയസ്സുള്ള പുരുഷനുമാണ് രോഗം സ്ഥിരീകരിച്ചത്. നഗരസഭ കൗൺസിലറുടെ 15 വയസ്സുള്ള മകന് രോഗം സമ്പർക്കത്തിലൂടെ ലഭിച്ചതാണെന്ന് കരുതപ്പെടുന്നു. ഇയാൾ ഇരിങ്ങാലക്കുട രൂപതയിൽ വൈദിക വിദ്യാർഥിയാണ്.
മകനെ വൈദിക പഠനത്തിന് ചേർക്കാൻ കൗൺസിലറും കുടുംബവും ഇരിങ്ങാലക്കുടയിലേക്ക് പോയിരുന്നു. ഇരിങ്ങാലക്കുട ബിഷപ്പ് ഇതുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുത്തിരുന്നു. കൗൺസിലർക്ക് പിറ്റേ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടനും നാല് വൈദികരും 20 ഓളം വൈദിക വിദ്യാർഥികളും നിരീക്ഷണത്തിൽ പോകേണ്ടി വന്നിരുന്നു.
ചാലക്കുടി നഗരസഭയിലെ ഏഴ് വാർഡുകൾ കണ്ടെയിൻമെന്റ് സോണുകളാക്കി മാറ്റിയത് തുടരും. 16 വെട്ടുകടവ് വാർഡ് , 19 സെന്റ് മേരീസ് ഫൊറോനപ്പള്ളി വാർഡ് , 21 മുനിസിപ്പൽ ക്വാർട്ടേഴ്സ് വാർഡ്, 30 മുനിസിപ്പൽ ഓഫീസ് വാർഡ്, 31 ആര്യങ്കാല വാർഡ് , 35 പ്രശാന്തി ആശുപത്രി വാർഡ് , 36 കരുണാലയം വാർഡ് എന്നിവയാണ് കണ്ടെയ്മെന്റ് സോണുകളായി തുടരുന്നത്.
എന്നാൽ ഇതിൽ ചില വാർഡുകൾ പ്രശ്നങ്ങളില്ലാത്തതാണെന്നും കണ്ടെയ്മെന്റ് സോണിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യമുയർന്നിരുന്നു. ചാലക്കുടി ടൗണും മാർക്കറ്റുമെല്ലാം ഈ അവസ്ഥയിൽ സ്തംഭിച്ചിരിക്കുകയാണ്. പോലീസ് കർശനമായി നിയന്ത്രണം സ്ഥാപിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ റോഡ്, മാർക്കറ്റ് റോഡ്, വെട്ടുകടവ് പാലം എന്നിവിടങ്ങളിൽ വാഹന ഗതാഗതം തടയാൻ ബാരിക്കേഡുകൾ സ്ഥാപിച്ചു. കോടശേരി പഞ്ചായത്തിലെ കുറ്റിച്ചിറ ജങ്ങ്ഷനിലും കൊരട്ടി പഞ്ചായത്തിലും പോലീസ് നിയന്ത്രണങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.