തിരുവനന്തപുരം: കോവിഡ് മരണക്കണക്കിലെ ഇരട്ടിപ്പുണ്ടായത് ഉന്നതതലത്തിലെങ്കിലും കുറ്റം ഡി.എം.ഒമാരുടെ ചുമലിൽ വെച്ചുകെട്ടാൻ നീക്കം. 2020 ജനുവരി 30 നും 2021 ജൂൺ 18 നും ഇടയിൽ സ്ഥിരീകരിച്ച 527 കോവിഡ് മരണങ്ങൾ ഇരട്ടിപ്പാണെന്ന് കണ്ടെത്തിയെങ്കിലും ഭൂരിഭാഗവും സെക്രട്ടറിതലത്തിൽ സംഭവിച്ച പിഴവാണെന്നാണ് വിവരം.
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളിലെ മരണങ്ങളിലാണ് ഇരട്ടിപ്പുണ്ടായത്. തിരുവനന്തപുരം ജില്ലയിൽ ആവർത്തിച്ചെന്ന് ആരോഗ്യ സെക്രട്ടറി ആരോപിക്കുന്ന 30 മരണങ്ങളുടെ സൂക്ഷ്മ പരിശോധനയിൽ രണ്ടെണ്ണം മാത്രമാണ് റിപ്പോർട്ട് ചെയ്തപ്പോൾ ഇരട്ടിപ്പുണ്ടായത്. 28 ഉം ആരോഗ്യസെക്രട്ടറിയുടെ ഓഫിസിൽനിന്നുണ്ടായതാണ്. മറ്റ് ജില്ലകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.
ആരോഗ്യ സെക്രട്ടറി മെമ്മോ നൽകിയ സാഹചര്യത്തിൽ കണക്കുകൾ സഹിതം മറുപടി നൽകാനാണ് ഡി.എം.ഒമാരുടെ തീരുമാനം. മറുപടി നൽകാതിരിക്കുകയോ മറുപടി തൃപ്തികരമല്ലാതിരിക്കുകയോ ചെയ്താൽ നടപടി ഉണ്ടാകുമെന്നും മെമ്മോയിലെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിശേഷിച്ചും.
ഒരു വ്യക്തിയുടെ മരണം രണ്ട് സ്ഥലങ്ങളിലും വിലാസങ്ങളിലും റിപ്പോർട്ട് ചെയ്യുന്നതാണ് ചെറിയ സംഖ്യയാണെങ്കിലും ജില്ലകളിൽ ഇരട്ടിപ്പുണ്ടാകാൻ കാരണമെന്നാണ് വിലയിരുത്തൽ. ഗൃഹനാഥൻ മരണപ്പെടുന്ന ഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ വിലാസത്തിലും ഭാര്യഗൃഹത്തിലെ വിലാസത്തിലും ആരോഗ്യവകുപ്പിൽ മരണം റിപ്പോർട്ട് ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്.
കേരളം വളരെ സുതാര്യമായാണ് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ആവർത്തിക്കുന്നതിനിടെയാണ് മരണക്കണക്കിലെ ഇരട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് ഓണ്‍ലൈനായി മരണം റിപ്പോര്‍ട്ട് ചെയ്യുന്ന ഏക സംസ്ഥാനം കൂടിയായിട്ടും കണക്കിലെ പിഴവും പഴിചാരലുകളും വീണ്ടും വിവാദങ്ങൾ വഴിമാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.