തിരുവനന്തപുരം: സമയപരിധി അടിസ്ഥാനപ്പെടുത്തി കോവിഡ് മരണങ്ങൾ നിർണയിക്കുന്നത് സംബന്ധിച്ച പുതിയ കേന്ദ്ര നിർദേശം നടപ്പാക്കുന്നതോടെ കോവിഡ് മരണങ്ങളുടെ എണ്ണമുയരും. പോസിറ്റിവായശേഷം 30 ദിവസത്തിനുള്ളിലെ മരണവും കോവിഡ് മരണങ്ങളായി പരിഗണിക്കണമെന്നാണ് കേന്ദ്ര നിലപാട്. ഇത് സംബന്ധിച്ച കേന്ദ്ര മാർഗരേഖ പുറത്തിറങ്ങുന്നതോടെ സംസ്ഥാനവും ആവശ്യമായി ഭേദഗതി വരുത്തുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. ഇതോടെ മരണകാരണം നിർണയിക്കുന്നത് സംബന്ധിച്ച് ഏറെക്കാലമായി നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾക്കും ആക്ഷേപങ്ങൾക്കും ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.
ഏത് സമയപരിധി മുതലുള്ള മരണങ്ങളിലാണ് 'ഒരു മാസ'പരിഗണനക്ക് പ്രാബല്യമുണ്ടാകുക എന്നത് വ്യക്തമല്ല. സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നിർദേശം പുറത്തിറങ്ങിയാലേ ഇക്കാര്യത്തിൽ വ്യക്തതവരൂ. കോവിഡ് വ്യാപനത്തിെൻറ തുടക്കം മുതൽ പുതിയ നിർദേശം പരിഗണിച്ചാൽ കേസുകളുടെ എണ്ണസംഖ്യ കുതിച്ചുയരുന്ന നിലയുണ്ടാകും.
പരാതികളുയർന്നാൽ മുഴുവൻ കേസുകളും പരിശോധിക്കേണ്ടിവരും. വീടുകളിലുണ്ടാകുന്ന കോവിഡ് മരണങ്ങളും പട്ടികയിൽ ഉൾപ്പെടും.
ഗുരുതര രോഗങ്ങളുള്ളവർ കോവിഡ് പോസിറ്റിവായിരിക്കെ മരിച്ചാലും ഇവ 'കോവിേഡതരം'എന്ന കള്ളിയിലാണ് ആദ്യഘട്ടത്തിൽ എണ്ണിയിരുന്നത്. ഇത് സംബന്ധിച്ച് ഏറെ വിമർശനങ്ങളുയർന്നെങ്കിലും തിരുത്താൻ സർക്കാർ തയാറായിരുന്നില്ല.
കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം നൽകണമെന്ന് സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ പ്രതിഷേധം വീണ്ടും ശക്തമായതോടെയാണ് ശാഠ്യത്തിൽ സർക്കാർ അൽപം അയഞ്ഞത്.
അപ്പോഴും കോവിഡ് ബാധിതരിലെ മരണങ്ങൾ 'കോവിഡ്', 'കോവിഡേതരം'എന്നിങ്ങനെ രണ്ടായി തരംതിരിച്ച് റിപ്പോർട്ട് ചെയ്യാനായിരുന്നു നിർദേശം. നെഗറ്റിവായശേഷം കോവിഡ് അനുബന്ധ രോഗങ്ങളാൽ മരിക്കുന്നവർ ഇപ്പോഴും പട്ടികക്ക് പുറത്താണ്. എന്നാൽ, സമയപരിധി നിശ്ചയിച്ചുള്ള കേന്ദ്ര നിർദേശം നടപ്പാകുന്നതോടെ നെഗറ്റിവാണെന്ന കാരണമുന്നയിച്ചും മറ്റ് രോഗങ്ങൾ ചൂണ്ടിക്കാട്ടിയും പട്ടികക്ക് പുറത്താക്കൽ നടക്കില്ല. കോവിഡ് മരണങ്ങളിൽ ഭൂരിഭാഗവും പോസിറ്റിവായതിന് ശേഷമുള്ള ഒരു മാസക്കാലയളവിലാണ് നടക്കുന്നതെന്നാണ് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.