ഗാന്ധിനഗർ: ജില്ല ആശുപത്രിയിൽനിന്ന് കോട്ടയം മെഡിക്കൽ കോളജിലെത്തിച്ച കോവിഡ് രോ ഗിയോടൊപ്പം എത്തിയ ബന്ധുവായ മറ്റൊരു കോവിഡ് രോഗി 16 മണിക്കൂർ ആശുപത്രിക്ക് വെളിയിൽ. ബുധനാഴ്ച രാത്രി 7.30ന് മെഡിക്കൽ കോളജ് പുതിയ അത്യാഹിത വിഭാഗത്തിലെ കോവിഡ് വാർഡിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കുറുപ്പന്തു സ്വദേശിനിയായ 45കാരിയെയും ഭർതൃമാതാവിവിനെയും പാലാ കോവിഡ് സെൻററിലേക്ക് മാറ്റിയിരുന്നു.
ബുധനാഴ്ച ശ്വാസതടസ്സം കൂടിയതിനെ തുടർന്ന് ഭർതൃമാതാവിനെ ആദ്യം പാലാ ജനറൽ ആശുപത്രിയിലും ആരോഗ്യനില മോശമായതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചു. ഇവരോടൊപ്പം രോഗബാധിതയായ മരുമകളും കൂടെയുണ്ടായിരുന്നു. ജില്ല ആശുപത്രിയിൽ വെൻറിലേഷൻ സൗകര്യമില്ലാതിരുന്നതിനാൽ ആരോഗ്യ വകുപ്പ് അധികൃതർ തന്നെ ഇരുവരെയും മെഡിക്കൽ കോളജിലെത്തിച്ചു.
ബുധനാഴ്ച രാത്രി 7.30ന് മെഡിക്കൽ കോളജിലെത്തിച്ച ശേഷം ജില്ല ആശുപത്രി ആരോഗ്യ പ്രവർത്തകർ മടങ്ങി. തുടർന്ന് മാതാവിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും കുടെയുണ്ടായിരുന്ന കോവിഡ് രോഗിയായ മരുമകളെ പ്രവേശിപ്പിച്ചില്ല. രോഗിയുടെ ബന്ധുക്കൾ ജീവനക്കാരോട് അന്വേഷിച്ചപ്പോൾ, പാലായിലേക്ക് തിരികെപോവുകയോ അല്ലെങ്കിൽ ആരും അറിയാതെ വീട്ടിൽപ്പോയി ചികിത്സയിൽ കഴിഞ്ഞാൽ മതിയെന്നുമാണ് മറുപടി ലഭിച്ചത്.
ഈ സമയം ഇവർ മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാർ വിശ്രമിക്കുന്ന സ്ഥലത്ത് ഇരിക്കുകയായിരുന്നു. അർധരാത്രി കഴിഞ്ഞിട്ടും തീരുമാനമാകാതെ വന്നപ്പോൾ ബന്ധുക്കൾ ഡോക്ടറുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ജീവനക്കാർ പറഞ്ഞതനുസരിച്ച് പാലാ നോഡൽ ഒാഫിസറെ വിളിച്ചെങ്കിലും ഫോണിൽ ലഭ്യമായില്ല.
വ്യാഴാഴ്ച നേരം പുലരുന്നത് വരെ ആശുപത്രിക്ക് സമീപമുള്ള കെട്ടിടത്തിനടുത്തെ മരച്ചുവട്ടിൽ കുത്തിയിരുന്നു. രാവിലെ 7.30ന് പാല നോഡൽ ഒാഫിസറെ വിളിക്കുകയും അദ്ദേഹം ഇടപെട്ട് 11.30ഓടെ പാല കോവിഡ് സെൻററിലേക്ക് മാറ്റുകയും ചെയ്തു.
കോവിഡ് ബാധിച്ചവരിൽ ഗുരുതര രോഗമുള്ളവരെ മാത്രമേ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയുള്ളൂവെന്നും മറ്റു പ്രശ്നങ്ങളില്ലാത്തവർ വീട്ടിൽ കഴിയുകയോ കോവിഡ് സെൻൻററുകളിൽ കഴിയുകയോ ആണ് രീതിയെന്നും അതുകൊണ്ടാണ് വീട്ടമ്മയോടൊപ്പം എത്തിയ 45കാരിയെ പ്രവേശിപ്പിക്കാതിരുന്നതെന്നും അധികൃതർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.