കോട്ടയം: രണ്ടു വർഷത്തെ ഓണാഘോഷം പ്രളയമെടുത്തു, ഇത്തവണ കോവിഡ് എന്ന മഹാമാരിയും. ഓണമിങ്ങെത്തിയിട്ടും കുമരകം ടൂറിസം മേഖല നിരാശയിലാണ്.
വിനോദസഞ്ചാര കേന്ദ്രങ്ങൾ മാസങ്ങളായി അടഞ്ഞുകിടക്കുന്നതിനാൽ കായൽതീരങ്ങളിൽ ആളും ആരവവുമില്ല. കായൽപരപ്പിൽ സഞ്ചാരികളുമായി തലങ്ങും വിലങ്ങും നീങ്ങിയിരുന്ന ഇരുന്നൂറിലേറെ ബോട്ടുകളും ശിക്കാരികളും കടവുകളിൽ മൂടിയിട്ടിരിക്കുന്നു. പക്ഷിസങ്കേതവും ഹോട്ടലുകളും
റിസോർട്ടുകളും അടച്ചു. വനിതകൾ ചേർന്നുനടത്തിയിരുന്ന ഹോട്ടലും കഴിഞ്ഞ ദിവസം അടപ്പിച്ചു. അനുബന്ധമേഖലകളും സ്തംഭിച്ചു.
വിനോദസഞ്ചാരത്തെ ആശ്രയിച്ചുകഴിഞ്ഞ തൊഴിലാളികൾ പലരും കായലിൽ മീൻ പിടിക്കാനും കൂലിപ്പണിക്കും പോകുന്നു. ചെത്തുകാരിൽ ചിലർ പാലക്കാട്ടെ കള്ളുചെത്തുമേഖലയിലേക്ക് ജോലി തേടി പോയി.
ചീപ്പുങ്കൽ, കൈപ്പുഴമെട്ട് എന്നിവിടങ്ങൾ കണ്ടെയ്ൻമെൻറ് സോണിലുമായി. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകിയത് കുമരകത്തിന് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും സർക്കാർ സഹായമില്ലാതെ നിവർന്നുനിൽക്കാൻ കഴിയാത്തവിധം തകർച്ചയിലാണ് കുമരകം ടൂറിസം ഗ്രാമം.
2018ൽ 4,52,934 ആഭ്യന്തര വിനോദസഞ്ചാരികളും 35,975 വിദേശസഞ്ചാരികളും കുമരകത്ത് എത്തിയെന്നാണ് കണക്ക്. എന്നാൽ, തുടർന്നുണ്ടായ രണ്ട് പ്രളയവും കുമരകത്തിെൻറ ടൂറിസം സ്വപ്നങ്ങൾ തകർത്തെറിഞ്ഞു. ആ നഷ്ടത്തിൽനിന്ന് കരകയറി വരുേമ്പാഴാണ് കോവിഡ് മഹാമാരിയുടെ ആഘാതമേൽക്കുന്നത്. സീസൺ നോക്കാതെ എല്ലാക്കാലത്തും വിനോദസഞ്ചാരികളെത്തുന്ന ഇടമാണ് കുമരകം.
റിസോര്‍ട്ടുകള്‍, ഹൗസ് ബോട്ട് സവാരികള്‍, കായലിനിടയിലെ വയലിറമ്പുകളിലൂടെയുള്ള നടത്തം, താമസം, ചൂണ്ടയിടൽ എന്നിങ്ങനെ കുമരകം നൽകുന്നത് അനന്തസാധ്യതകളാണ്.
വേമ്പനാട്ടുകായലിനോടുചേർന്ന് 14 ഏക്കറിലായി പരന്നുകിടക്കുന്ന പക്ഷിസങ്കേതമാണ് മറ്റൊരാകർഷണം. ഉത്തരവാദിത്ത ടൂറിസം മിഷെൻറ ഭാഗമായി പ്രാദേശിക ജനതയെക്കൂടി വിനോദസഞ്ചാരമേഖലയുടെ ഭാഗമാക്കിയതോടെ ഓല മെടയൽ, കയർ പിരിക്കൽ തുടങ്ങി കുമരകത്തിെൻറ ഗ്രാമീണജീവിതം സഞ്ചാരികളെ പരിചയപ്പെടുത്താൻ സ്ത്രീകളടക്കമുള്ള പ്രദേശവാസികൾക്ക് അവസരം ലഭിക്കുകയും അതുവഴി വരുമാനം ലഭിക്കുകയും ചെയ്തു. എന്നാൽ, വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചതോടെ ഈ വലിയൊരു വിഭാഗത്തിെൻറ ജീവിതോപാധിയാണ് ഇല്ലാതായത്.
കുമരകം ടൂറിസം മേഖലയുടെ ഭാഗമായി മലരിക്കൽ, അമ്പാട്ട് ഭാഗത്തെ ആമ്പൽവസന്തവും പദ്ധതികളിൽ ഉൾപ്പെടുത്താൻ ഡി.ടി.പി.സി തീരുമാനിച്ചിരുന്നു.
ഈ സീസണ് മുമ്പായി അടിസ്ഥാന സൗകര്യം വർധിപ്പിക്കാനും ഇതിനായി സർക്കാർ ഭൂമി കണ്ടെത്താനും ആലോചനയുണ്ടായിരുന്നു. എന്നാൽ, ഇത്തവണ ആമ്പൽ വസന്തം ആരുമറിയാതെ വന്നുമടങ്ങി. പതിവുപോലെ പൂക്കൾ വിരിഞ്ഞെങ്കിലും ആളുകൾ കൂട്ടത്തോടെ എത്തുമെന്നതിനാൽ വലിയ പ്രചാരണം നൽകിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.