കോഴിക്കോട്: കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ രോഗബാധ ഭയന്ന് ആശുപത്രി ചികിത്സകൾക്ക് മടിച്ച് മറ്റു രോഗികൾ. തലവേദനയും പനിയും അടക്കമുള്ള പല പ്രശ്നങ്ങളും ആളുകൾ സ്വയം ചികിത്സിക്കുകയാണ്.
തൊണ്ടവേദന പോലുള്ള പ്രശ്നങ്ങൾക്ക് നൽകുന്ന ആൻറിബയോട്ടിക് ആയ അസിത്രോമൈസിൻ, പനി, തലവേദന തുടങ്ങിയവക്കായി പാരസെറ്റമോൾ, കാൽപോൾ തുടങ്ങി മരുന്നുകളെല്ലാം സ്വയം വാങ്ങുകയാണ്. പനി സീസണേക്കാൾ ഇരട്ടിയിലധികമാണ് കോവിഡ് സാഹചര്യത്തിൽ ഇത്തരം മരുന്നുകളുടെ വിൽപന നടക്കുന്നതെന്ന് മെഡിക്കൽ ഷോപ്പ് ഉടമകൾ പറയുന്നു.
ചുമ, തലവേദന, പനി, തൊണ്ടവേദന തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ ആൻറിബയോട്ടിക്കുകൾക്കു പുറമേ കോവിഡിനെതിരെ പ്രതിരോധം വർധിപ്പിക്കാൻ എന്നപേരിൽ വൈറ്റമിൻ സി ഗുളികകൾ, കാത്സ്യം ഗുളികൾ, മൾട്ടി വൈറ്റമിൻ ഗുളികകൾ തുടങ്ങി വൈറ്റമിൻ സപ്ലിമെൻറുകളും വാങ്ങി ഫാർമസിസ്റ്റുകളുടെ നിർദേശപ്രകാരം കഴിക്കുകയാണ്.
ആരോഗ്യപ്രശ്നമുള്ളവർ സ്വയം ചികിത്സക്കു മുതിരാതെ ഡോക്ടർമാരെ സമീപിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. ആശുപത്രിയിൽ പോകാനും നേരിട്ട് ഡോക്ടർമാരെ കാണാനും മടിയുള്ളവർക്ക് ഇ-സഞ്ജീവനി എന്ന ഓൺലൈൻ ടെലി മെഡിസിൻ സംവിധാനം വഴി ഡോക്ടറെ ബുക്ക് ചെയ്യാം.
വിഡിയോ കാൾ വഴി വഴി ഡോക്ടറുമായി സംസാരിക്കുകയും ചെയ്യാം. പ്രിസ്ക്രിപ്ഷൻ ഡൗൺലോഡ് ചെയ്തെടുത്ത് മരുന്ന് വാങ്ങാം. ആയുർവേദ ഡോക്ടർമാരും ഹോമിയോപ്പതി ഡോക്ടർമാരും ടെലി മെഡിസിൻ സംവിധാനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.