കൊച്ചി: കോവിഡ് കാലത്ത് തെൻറ ബ്യൂട്ടിപാർലറിലെ ജീവനക്കാർ ഒന്നടങ്കം ജോലി ഉപേക്ഷിച്ചപ്പോൾ സോഫിയ പിന്നെ നോക്കിനിന്നില്ല. കത്രികയും ചീപ്പുമെടുത്ത് മുടിവെട്ടുകാരിയായി. മുമ്പ് ഒരുമാസം നേടിയ പരിശീലനത്തിെൻറ കരുത്തിൽ ആദ്യം സ്വന്തം അനുജൻ റിച്ചാർഡിെൻറ മുടിയിൽതന്നെ പണിതു. സംഗതി ഹിറ്റായപ്പോൾ പിന്നെ, സ്ഥാപനത്തിൽ എത്തിയവരും സോഫിയക്ക് ധൈര്യത്തോടെ തലവെച്ചുകൊടുത്തു.
കടവന്ത്ര ഗാന്ധിനഗർ ‘സോഫ് എൻ റിച്ച്’ ഫാമിലി ബ്യൂട്ടി ക്ലിനിക്ക് നടത്തുന്ന സോഫിയയെയും അനുജൻ റിച്ചാർഡിനെയും നാടറിയും. സംസാരവും കേൾവിയും ഇല്ലെങ്കിലും പ്രഫഷനല്‍ ബൈക്ക് റേസിങ് രംഗത്ത് പരിശീലനം നേടുന്നവർ. കഴിഞ്ഞ വർഷം സംസ്ഥാന യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡിെൻറ സ്വാമി വിവേകാനന്ദ യുവ പ്രതിഭ സ്പെഷല്‍ അവാര്‍ഡ് ജേതാവായ സോഫിയ 2014 മാര്‍ച്ചില്‍ ‘മിസ് െഡഫ് ഇന്ത്യ’ റണ്ണര്‍അപ്പായിരുന്നു. അതേവര്‍ഷം ചെക്റിപ്പബ്ലിക്കിലെ പ്രാഗില്‍ നടന്ന ‘മിസ് െഡഫ് വേള്‍ഡ്’ മത്സരത്തിലും ഇന്ത്യയെ പ്രതിനിധാനം ചെയ്തു. കേള്‍വിശക്തിയില്ലാത്തവരുടെ ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ ഇനങ്ങളില്‍ എട്ടുവര്‍ഷം സംസ്ഥാന ചാമ്പ്യനുമാണ്.
മൂന്നുവര്‍ഷത്തെ ദേശീയ ചാമ്പ്യനും.
തൃപ്പൂണിത്തുറ വെസ്റ്റ് ഏരൂരിലെ കല്ലുപുരക്കല്‍ വീട്ടില്‍ ജോ ഫ്രാന്‍സിസിനും ഏരൂര്‍ ഭവന്‍സിലെ അധ്യാപികയായ ഗൊരേത്തിക്കും പിറന്ന ഇവരെ കണ്ടാൽ ഭിന്നശേഷിക്കാരെന്ന വിശേഷണംപോലും മറന്നുപോകും. വയ്യാത്ത കുട്ടികളെന്ന പരിമിതിയില്‍ തെൻറ കുഞ്ഞുങ്ങളെ തളച്ചിടാതെ മാതാപിതാക്കൾ പകര്‍ന്ന ആത്മവിശ്വാസത്തില്‍ വിജയങ്ങളുടെ സൂപ്പര്ലോകത്തേക്ക് കയറിയവര്‍.
‘യു.പിക്കാരനായ അവസാന ജീവനക്കാരും പോയപ്പോൾ സ്ഥാപനം അടച്ചിടേണ്ട ഗതികേടിലായി. തിങ്കളാഴ്ച തുറന്നപ്പോൾ സോഫിയ തന്നെയാണ് പറഞ്ഞത്, മുടിവെട്ടാൻ അവൾ ശ്രമിക്കാമെന്ന്. അങ്ങനെ അനുജനിൽ ആദ്യം പരീക്ഷിച്ചു. ചൊവ്വാഴ്ച വന്ന കസ്റ്റമറോട് കാര്യം പറഞ്ഞ് ആദ്യമായി മുടിവെട്ടി. അയാൾക്ക് ഇഷ്ടപ്പെട്ടപ്പോൾ അതുകണ്ടുനിന്നയാൾ കുഞ്ഞിെൻറ മുടിവെട്ടിക്കാനും തയാറായി. മകളുടെ ആത്മവിശ്വാസത്തിൽ സന്തോഷം ഏറെയാണ്’ -ജോ ഫ്രാന്‍സിസ് പറയുന്നു.
സംസ്ഥാനത്ത് കേള്‍വിശേഷിയില്ലാതെ ഡ്രൈവിങ് ലൈസന്‍സ് നേടുന്ന ആദ്യ പെണ്‍കുട്ടിയാണ് സോഫിയ. സഹോദരൻ റിച്ചാർഡ് അനിമേഷൻ പഠിക്കുന്നു. ബംഗളൂരുവിലെ അപെക്സ് റേസിങ് അക്കാദമിക്ക് കീഴിൽ കോയമ്പത്തൂര്‍ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ ബൈക്ക് റേസിങ്ങിെൻറ രണ്ട് ലെവൽ സോഫിയയും റിച്ചാര്‍ഡും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.