ഏറ്റവും മുൻനിരയിലുള്ളത് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ നയിക്കുന്ന ആരോഗ്യവകുപ്പാണ്. ഏറ്റവും വലുതും കാര്യക്ഷമവുമായ പൊതുജനാരോഗ്യ സംവിധാനമാണ് കേരളത്തിലുള്ളത്. കൊറോണ വൈറസിനെതിരായ പോരാട്ടം ഇത്തരത്തിലുള്ള വെല്ലുവിളികളെ നേരിടാൻ ഇൻഷുറൻസ് അധിഷ്ഠിത സ്വകാര്യ ആരോഗ്യ സംവിധാനം എങ്ങനെ അപര്യാപ്തമാകും എന്നത് അടിവരയിടുന്നു.6,000 ഡോക്ടർമാരും 9,000 നഴ്‌സുമാരും 15,000 ആരോഗ്യ പ്രവർത്തകരും അടങ്ങുന്നതാണ് കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം.
രണ്ടാം നിരയിൽ ആരോഗ്യ പ്രവർത്തകരായ ആശാ വർക്കർമാർ, കുടുംബശ്രീ ഹെൽത്ത് പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, ആശുപത്രി വികസന സമിതി അംഗങ്ങൾ, പാലിയേറ്റീവ് പ്രവർത്തകർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരുമുണ്ട്. അടുത്ത കാലത്തായി, ആശുപത്രി കെട്ടിട സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് 4,000 കോടിരൂപയാണ് നിക്ഷേപിച്ചത്. അവയിൽ ചിലതിെൻറ നിർമാണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. മെഡിക്കൽ ഉപകരണങ്ങൾ, മെഡിക്കൽ ഉദ്യോഗസ്ഥരുടെ എണ്ണം എന്നിവയിലും ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. ഈ സംവിധാനങ്ങളിലൂടെയാണ് സമീപകാലത്തുണ്ടായ നിപക്കെതിരെ പോരാടി വിജയിച്ചതും.
ഫെബ്രുവരിയിൽ ചൈനയിൽനിന്ന് തിരിച്ചെത്തിയവരിലൂടെ ഉണ്ടായ കൊറോണ വൈറസിെൻറ ആദ്യ തരംഗം ഫലപ്രദമായി കൈകാര്യം ചെയ്തിരുന്നു. മാർച്ച് ആദ്യവാരം മുതൽ കൊറോണ വ്യാപനമുള്ള യൂറോപ്പിൽ നിന്നും ഗൾഫിൽ നിന്നുമുള്ള പ്രവാസികൾ കേരളത്തിലേക്ക് മടങ്ങാൻ തുടങ്ങിയപ്പോൾ കാര്യങ്ങൾ കൈവിട്ടുപോയി. ഈ മടങ്ങിയെത്തിയവരിൽ ചിലർ ആരോഗ്യ പ്രോട്ടോക്കോളുകൾ മറികടന്നതോടെ ഏതാനും ജില്ലകളിൽ കോവിഡ് കേസുകൾ ഉയർന്നുവരികയും ചെയ്തു. ആരോഗ്യവകുപ്പ് രോഗബാധിതരായ എല്ലാവരുടെയും റൂട്ട് മാപ്പുകൾ തയാറാക്കുകയും അവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ നിരീക്ഷണത്തിൽ വെക്കുകയും ചെയ്തു. കേരളത്തിൽ ഇന്ന് 1,01,402 പേർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നു. 601 പേർ ആശുപത്രിയിലും നിരീക്ഷണത്തിലുണ്ട്. 126 പേർ ചികിത്സയിലാണ്. മാർച്ച് 26 വരെയുള്ള കാലയളവിൽ 96 വയസുള്ള ദമ്പതികൾ ഉൾപ്പെടെ 12 രോഗികൾ സുഖം പ്രാപിച്ചു. എന്നിരുന്നാലും, നിരീക്ഷണത്തിലോ പരിശോധനയിൽ പോസിറ്റീവാകുകയോ ചെയ്യുന്നവരുടെ എണ്ണത്തിൽ ദിവസേന വർദ്ധനവുണ്ടാകുമ്പോൾ, സാമൂഹിക വ്യാപനത്തിന് ഒരു അവസരവും നൽകാതിരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
ദേശീയ ലോക്ക്ഡൗൺ സംസ്ഥാനം പൂർണമായി നടപ്പാക്കിയിട്ടുണ്ട്.എന്നാൽ, ഈ ലോക്ക്ഡൗണിലും കേരളത്തെ വ്യത്യസ്തമാക്കുന്നത് എന്തെന്നാൽ അത് നടപ്പാക്കുന്നതിൽ സാധാരണ പൗരന്മാർക്ക് സഹാനുഭൂതിയും ആശങ്കയുമുണ്ട് എന്നതിലാണ്. ലോക്ക്ഡൗണിനൊപ്പം പണം ജനങ്ങളുടെ കൈയിലെത്തിക്കുന്നത് ലക്ഷ്യമിട്ട് 20,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു കഴിഞ്ഞു. 55 ലക്ഷം ഗുണഭോക്താക്കൾക്ക് വിവിധ ക്ഷേമ പെൻഷൻ തുകയായി പ്രതിമാസം 1,200 രൂപ നൽകുമെന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. ഏപ്രിൽ മുതൽ പെൻഷൻ 1,300 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. നാല് മാസത്തെ കുടിശ്ശികയും ഒരു മാസത്തെ പെൻഷനും മുൻകൂട്ടി നൽകാനാണ് തീരുമാനം. കേരളത്തിലെ ഭൂരിപക്ഷം കുടുംബങ്ങൾക്കും ഏപ്രിൽ പകുതിയോടെ 7,300 രൂപ വരുമാനമായി ലഭിക്കും.
അടച്ചുപൂട്ടലിൽ ദുരിതത്തിലായ കുടുംബങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുമെന്നതാണ് പാക്കേജിലെ രണ്ടാമത്തെ ഘടകം. കഴിഞ്ഞ രണ്ടാഴ്ചയായി, അംഗൻവാഡികളിൽ നിന്നും വേവിച്ച ഭക്ഷണം കുട്ടികൾക്കും മറ്റ് ഗുണഭോക്താക്കൾക്കും അവരുടെ വീടുകളിൽ എത്തിക്കുന്നുണ്ട്. സാധാരണ റേഷനു പുറമേ കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും പ്രത്യേക ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യാൻ പോകുന്നു. പ്രാദേശിക സർക്കാരുകൾ സംഘടിപ്പിച്ച കമ്മ്യൂണിറ്റി അടുക്കളകൾ സ്ഥാപിക്കുമെന്നതാണ് മറ്റൊരു പരിപാടി. കമ്മ്യൂണിറ്റി അടുക്കളകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഹോട്ടലുകളിൽ നിന്ന് 20 രൂപ ഭക്ഷണം ലഭിക്കും. ഇവിടെ നിന്ന് ഹോം ഡെലിവറിക്ക് ക്രമീകരണവും ഉണ്ടാകും. ഈ തുക പോലും താങ്ങാൻ കഴിയാത്ത കുടുംബങ്ങളുടെ ഒരു പട്ടിക പ്രാദേശിക സർക്കാരുകൾ തയാറാക്കുന്നുണ്ട്. തെരുവുകളിൽ ഉറങ്ങുന്നവരെ കല്യാണ മണ്ഡപങ്ങളിൽ പാർപ്പിക്കുകയും സൗജന്യ ഭക്ഷണം നൽകുകയും ചെയ്യും. കരാറുകാരനുമായി സഹകരിച്ച് കുടിയേറ്റ തൊഴിലാളികൾക്ക് താമസ സ്ഥലത്ത് ഭക്ഷണം ഉറപ്പാക്കും. അവരുടെ ആരോഗ്യവും ഭക്ഷ്യ ആവശ്യങ്ങളും ഉറപ്പാക്കേണ്ടത് പ്രാദേശിക സർക്കാരിൻെറ കടമയാണ്.
ഹോട്ടലുകളുടെയും അടുക്കളകളുടെയും ഈ ശൃംഖല പ്രവർത്തിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് ആരാണ് എന്നതല്ലേ. 32 ലക്ഷം കുടുംബങ്ങളുടെ അംഗത്വമുള്ള വനിതാ അയൽക്കൂട്ട ഗ്രൂപ്പുകളുടെ ശൃംഖലയായ കുടുംബശ്രീ, ചെറുകിട സംഭംഭത്തിെൻറ ഭാഗമായി ഇതിനകം 1,479 കഫേകളും 946 കാറ്ററിംഗ് യൂണിറ്റുകളും കൈകാര്യം ചെയ്യുന്നുണ്ട്. സംസ്ഥാന, പ്രാദേശിക സർക്കാരുകൾ അവരുടെ സംരംഭങ്ങൾ തകരാതിരിക്കാൻ ധനസഹായവും പിന്തുണയും നൽകുകയും ചെയ്യും.
രണ്ട് ദശകത്തിലേറെയായി മൈക്രോ ഫിനാൻസിൽ നല്ല പ്രവർത്തനപരിചയവും 99 ശതമാനം തിരിച്ചടവ് നിരക്കും കുടുംബശ്രീക്ക് ഉണ്ട്. കുടുംബശ്രീയിൽ അംഗമായ കുടുംബങ്ങൾക്ക് അധിക ഉപഭോഗ വായ്പ നൽകുന്നതിനായി ബാങ്കുകളിൽ നിന്ന് 2,000 കോടി രൂപ സമാഹരിക്കും. ഈ വായ്പകൾക്ക് സംസ്ഥാന സർക്കാർ പലിശ ഇളവ് നൽകും. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ പാക്കേജിെൻറ ഭാഗമായണ് ഇത് നടപ്പാക്കുക.
MGNREGSെൻറ കീഴിൽ വരുന്നവരുടെ ഏപ്രിൽ , മാസങ്ങളിലെ എട്ടുകോടി തൊഴിൽ ദിവസങ്ങളുടെ പി.എഫ് സംയോജനവും മുഖ്യമന്ത്രി പ്രഖ്യാപിച്ച പാക്കേജിൽ ഉൾപ്പെടും. വളരെ ചെറിയ തോതിൽ നഗര തൊഴിൽവികസന പദ്ധതിയും കേരളം നടപ്പാക്കുന്നുണ്ട്. അതുപോലെ, ദരിദ്രർക്ക് നേരിട്ട് പണം നൽകുന്ന പല പദ്ധതികളും ഈ വർഷാരംഭത്തിൽ കൊണ്ടുവരുന്നു. കേന്ദ്ര സർക്കാരിെൻറ നയങ്ങളാൽ സംസ്ഥാന സർക്കാർ നേരിട്ട സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് മുടങ്ങിയ സ്കോളർഷിപ്പുകൾ, സാമൂഹ്യനീതി തുകകൾ, സബ്സിഡികൾ എന്നിവയുടെ എല്ലാ കുടിശ്ശികകളും തീർപ്പാക്കാനും ഞങ്ങൾ ഉദ്ദേശിക്കുന്നു. കേന്ദ്രം ഞങ്ങളുടെ വായ്പയെടുക്കൽ വെട്ടിക്കുറച്ചു, നഷ്ടപരിഹാരം നിരസിച്ചു, കേന്ദ്ര സഹായം കുറച്ചു.
മേൽപ്പറഞ്ഞ സാഹചര്യത്തിൽ കേരളം ഈ പാക്കേജിന് എങ്ങനെ പണം കണ്ടെത്തും? ഞങ്ങളുടെ വാർഷിക വായ്പയുടെ പകുതി ഏപ്രിൽ മാസത്തിലേക്ക് തയാറാക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല. ജി.എസ്.ടി നഷ്ടപരിഹാരം അടിയന്തിരമായി നൽകണമെന്നും സംസ്ഥാനത്തിെൻറ വായ്പകൾ ജി.എസ്.ഡിപിയുടെ നാല് ശതമാനമായി ഉയർത്തണമെന്നും ആവശ്യപ്പെടുന്നു. സാമ്പത്തിക മാന്ദ്യത്തിൽ സംസ്ഥാന സർക്കാർ ചെലവുകൾ വെട്ടിക്കുറക്കുന്ന വട്ടൻ നയമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ തുടരുന്നത്.
സംസ്ഥാനതല ബാങ്കേഴ്സ് സമിതി വിളിച്ച് ഒരു വർഷത്തേക്കുള്ള എല്ലാ വായ്പാ തുകകൾക്കും മൊറട്ടോറിയം ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനം കൂടിയാണ് കേരളം. കോവിഡ്19 ബാധിത മേഖലകൾക്കായി പ്രത്യേക പാക്കേജും ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ റിസർവ് ബാങ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. കോവിഡ്19ൻെറ പശ്ചാത്തലത്തിൽ യു.എസിൻെറ ഫെഡറൽ റിസർവ് ബോർഡും യു.കെയുടെ ഫിനാൻസ് കൺട്രോൾ അതോറിറ്റിയും നൽകുന്ന മാർഗനിർദേശങ്ങൾ ആർ.ബി.ഐ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കോവിഡ് ബാധിതർക്ക് അടിയന്തരസഹായം കൂടാതെ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡ് ധനസഹായം നൽകുന്ന 50,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ നിക്ഷേപ പദ്ധതിയും കേരളം ആവിഷ്കരിക്കുന്നു. നിയമനിർമാണത്തിലൂടെ ഈ ഫണ്ടിന് മോട്ടോർ വാഹന നികുതിയുടെ പകുതി വാർഷിക ഗ്രാൻറും പെട്രോളിയം ഉൽപന്നങ്ങളുടെ പ്രത്യേക സെസും ലഭിക്കും. ഭാവിയിലെ ഉറപ്പുനൽകുന്ന വരുമാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമാക്കുന്നതും മുന്നിൽ കണ്ടാണ് ഈ ഫണ്ട് കടമെടുക്കുന്നത്. 50,000 കോടി രൂപയോളം വരുന്ന പദ്ധതികൾ കഴിഞ്ഞ ബജറ്റുകളിൽ പ്രഖ്യാപിക്കുകയും ഇപ്പോൾ നടപ്പാക്കാൻ തയാറാകുകയും ചെയ്തിട്ടുണ്ട്. 20,000 കോടി രൂപയുടെ പദ്ധതികൾ ഇതിനകം ടെൻഡർ ചെയ്തു. ബാക്കിയുള്ളവർ ഉടൻ തന്നെ ആരംഭിക്കും. ഏതു നിലവാരം വെച്ച് നോക്കിയാലും ഇന്ത്യയിലെ ഒരു സംസ്ഥാന സർക്കാറിൻെറ ഏറ്റവും വലിയ മാന്ദ്യ വിരുദ്ധ പാക്കേജായിരിക്കും ഇത്.
കൊറോണ വ്യാപനത്തിെൻറ ദുഷ്‌കരമായ ഈ ദിവസങ്ങളിൽ ഫെഡറൽ രാഷ്ട്രീയത്തിൻെറ പരിധിക്കുള്ളിൽ കേരള സർക്കാർ തങ്ങളുടെ ജനങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും സംരക്ഷിക്കാൻ ശ്രമിക്കുന്നത് ഇങ്ങനെയാണ് .
(സംസ്ഥാന ധനമന്ത്രി തോമസ് െഎസക് എൻ.ഡി.ടി.വിക്ക് നൽകിയ ലേഖനം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.