മലപ്പുറം: തന്‍റെ സഹോദരന്‍റെ കൊലപാതകത്തിന് സമാനമായ സംഭവം തന്നെയാണ് ഇന്ന് വയനാട്ടിൽ ഉണ്ടായിരിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും വൈത്തിരിയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.പി ജലീലിന്‍റെ സഹോദരനുമായ സി.പി റഷീദ്. രാഷ്ട്രീയമായ പ്രതിസന്ധിയുണ്ടാകുന്ന ഘട്ടത്തില്‍ മാവോവാദികളെ വളഞ്ഞിട്ട് ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന തന്ത്രമാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നതെന്നും സി.പി റഷീദ് പറഞ്ഞു.
മാവോയിസ്റ്റായ ഒരാള്‍ കൊല്ലപ്പെട്ടു എന്ന് പറയുന്നു. അയാളുടെ പേര് പോലും ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്‍റെ അനുജന്‍ സി.പി ജലീലിന്‍റെ കൊലപാതകത്തിന് സമാനമായ സംഭവമാണ് ഇത്. എത്രയോ മണിക്കൂര്‍ കഴിഞ്ഞാണ് ആള്‍ ആരാണ് എന്ന് പോലും പറഞ്ഞത്. അനാഥ മൃതദേഹമായി അവിടെ മണിക്കൂറുകളോളം മൃതദേഹം കിടന്നു.
സ്വയരക്ഷക്കാണ് തണ്ടർബോൾട്ട് വെടിവെച്ചത് എന്നായിരുന്നു പറഞ്ഞത്. ഒടുവില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നപ്പോള്‍ സി.പി ജലീല്‍ വെടിയുതിര്‍ത്തിട്ടില്ല എന്ന് വ്യക്തമായി. കേരള സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത് പൊളിറ്റിക്കലായ ഒരു ക്രൈസിസ് ഉണ്ടാകുമ്പോള്‍ മാവോവാദികളെ വളഞ്ഞിട്ട് ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന തന്ത്രം ആവിഷ്‌ക്കരിക്കുകയാണ്.
വാളയാര്‍ സംഭവം അതിരൂക്ഷമായി കത്തി നിന്നപ്പോഴാണ് മഞ്ചിക്കണ്ടിയില്‍ വെടിവെപ്പ് ഉണ്ടാകുന്നത്. ഇപ്പോള്‍ ശിവശങ്കറും കോടിയേരിയുടെ മകനും തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് നാണംകെട്ട് നില്‍ക്കുമ്പോള്‍ ഏറ്റുമുട്ടൽ ഉണ്ടാകുന്നത് ദുരൂഹതയാണ്. ജനാധിപത്യ സമൂഹത്തെ വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍. അതിന്‍റെ രക്തസാക്ഷിയാണ് പടിഞ്ഞാറെത്തറയില്‍ ഉണ്ടായിരിക്കുന്നത് എന്ന് തിരിച്ചറിയണമെന്നും സി.പി റഷീദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.