ജന്മഭൂമിയുടേത്​ മാപ്പര്‍ഹിക്കാത്ത കുറ്റം; വ്യാജവാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കും -സി.പി.ഐ

തൃശൂര്‍: നാട്ടികയിലെ സി.പി.ഐ സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദന്‍ അന്തരിച്ചു എന്ന തരത്തില്‍ ഇന്നത്തെ ജന്മഭൂമി പത്രത്തിൽ ചിത്ര സഹിതം പ്രസിദ്ധീകരിച്ചുവന്ന വാര്‍ത്ത മനുഷ്യത്വവിരുദ്ധവും അപമാനകരവുമാണെന്ന്​ സി.പി.ഐ തൃശൂർ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്. വ്യാജവാര്‍ത്ത ചമച്ച പത്രത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും നിയമനടപടി സ്വീകരിക്കാനും പാർട്ടി തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. പൊലീസ്, മനുഷ്യാവകാശ കമ്മീഷന്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷന്‍, കേരള പത്ര പ്രവര്‍ത്തക യൂനിയന്‍, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കും.

ജന്മഭൂമി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്‍റെ സവര്‍ണ ഫാസിസ്റ്റ് മുഖമാണ് ഈ വ്യാജവാര്‍ത്തയിലൂടെ വെളിപ്പെട്ടതെന്നും പ്രസ്​താവനയിൽ പറഞ്ഞു. 'പട്ടികജാതി വിഭാഗത്തില്‍ നിന്ന് ഒരു നേതാവ് തെരഞ്ഞെടുക്കപ്പെടുന്നതിലുള്ള അസഹിഷ്ണുതയുടെ ഭാഗമായാണ് ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. ഇടതു പ്രസ്ഥാനത്തിന്‍റെ കരുത്തുറ്റ നേതാവാണ് മുകുന്ദന്‍. അദ്ദേഹം നിലവില്‍ കര്‍ഷക തൊഴിലാളി യൂണിയന്‍റെ തൃശൂര്‍ ജില്ലാ സെക്രട്ടറിയും സി.പി​.ഐ ജില്ലാ കൗണ്‍സില്‍ അംഗവുമാണ്. അദ്ദേഹത്തെ ഇന്നലെയാണ് നാട്ടികയില്‍ സ്ഥാനാര്‍ത്ഥിയായി സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചത്. എന്നാല്‍, ജന്മഭൂമി പത്രം മാത്രം മുകുന്ദന്‍റെ ബയോഡാറ്റ ചരമകോളത്തില്‍ പ്രസിദ്ധീകരിച്ചത് പാര്‍ട്ടിയെ മാത്രമല്ല, നാട്ടിക നിയോജക മണ്ഡലത്തിലെ ജനങ്ങളെയാകെ അപമാനിച്ചതിന് തുല്യമാണ്. നാട്ടികയില്‍ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ പരാജയം മണത്ത ചില ആളുകള്‍ ബോധപൂര്‍വ്വം ചമച്ചതാണോ ഈ വാര്‍ത്തയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു''പ്രസ്​താവനയിൽ പറഞ്ഞു. 

Tags:    
News Summary - cpi against janmabhumi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.