തിരുവനന്തപുരം: സർക്കാറിലെ ഭിന്നത വെളിവാക്കിയ ലോകായുക്ത നിയമ ഭേദഗതി വിഷയത്തിൽ നിർണായക നീക്കങ്ങൾ നടക്കുക ഇനി നിയമസഭയിലാകും. അതിനുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയിൽ വിഷയത്തിൽ അന്തിമ ധാരണയാകും. ഇരു നേതാക്കളുടെയും ചർച്ച ആഗസ്റ്റ് 22ന് മുമ്പ് ഏത് ദിവസവും നടക്കാം. അതിനിടയിൽ സംസ്ഥാന നിർവാഹക സമിതിയും വിഷയം പരിഗണിക്കുന്നുണ്ട്. ഓർഡിനൻസിലെ ഉള്ളടക്കം അതേപടിയാണ് ബില്ലായി നിയമസഭയിൽ അവതരിപ്പിക്കുക. അതിൽ പൊതുചർച്ചക്കുശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിടും.
പിന്നീടാണ് വകുപ്പ് തിരിച്ചുള്ള ചർച്ച. ആ സമയത്താകും തിരുത്തലും കൂടിച്ചേർക്കലും നടക്കുക. അവതരിപ്പിക്കുന്നതു തന്നെ നിയമമായി പാസാക്കണമെന്നില്ലെന്ന വാദത്തിലാണ് സി.പി.ഐയുടെ കച്ചിത്തുരുമ്പ്.
ഭേദഗതി ഓർഡിനൻസലിലെ 14ാം വകുപ്പിലാണ് സി.പി.ഐയുടെ എതിർപ്പ്. ഇന്നലത്തെ മന്ത്രിസഭ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ ചർച്ച തുടങ്ങിവെച്ചു.
1999ലെ എൽ.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് നിയമസഭയിൽ ആദ്യമായി അവതരിപ്പിച്ച ലോകായുക്ത നിയമത്തിൽ ഇപ്പോൾ ഓർഡിനൻസിലൂടെ സർക്കാർ കൊണ്ടുവരുന്ന ഭേദഗതിയുണ്ടായിരുന്നു. ലോകായുക്തയുടെ അധികാരമില്ലാതാക്കുന്നതാണ് ആ വകുപ്പ് എന്ന ആക്ഷേപം പ്രതിപക്ഷത്തുനിന്നുയർന്നത് അന്നത്തെ ഭരണപക്ഷമായ എൽ.ഡി.എഫ് അംഗീകരിച്ചു.
തുടർന്നാണ് ആ 'വിവാദ' വകുപ്പ് ഒഴിവാക്കി നിയമം അംഗീകരിച്ചത്. ഈ സാഹചര്യത്തിൽ വിവാദ വകുപ്പ് വീണ്ടും എൽ.ഡി.എഫ് കൊണ്ടുവരുന്നതിന്‍റെ നിയമപരമായ യുക്തിയും രാഷ്ട്രീയ ധാർമികതയുമാണ് കാനവും സി.പി.ഐയും ചോദ്യം ചെയ്യുന്നത്. സി.പി.ഐ ജില്ല സമ്മേളനങ്ങൾ നടക്കുന്ന സമയമായതിനാൽ വിഷയം അവധാനതയോടെ നേതൃത്വത്തിന് കൈകാര്യം ചെയ്യേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.