സി.പി.ഐ നേതാവും കരുനാഗപ്പള്ളി മുൻ എം.എൽ.എയുമായ ആർ. രാമചന്ദ്രൻ അന്തരിച്ചു

കൊച്ചി: സി.പി.ഐ നേതാവും കരുനാഗപ്പള്ളി മുൻ എം.എൽ.എയുമായ ആർ. രാമചന്ദ്രൻ (71) അന്തരിച്ചു. ഇന്ന് പുലർച്ചെ 3.55ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ഒരാഴ്ച മുമ്പാണ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് ഉച്ചക്ക് സി.പി.ഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ ഭൗതികശരീരം പൊതുദർശനത്തിന് വെക്കും. ശേഷം, ചവറ, കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസുകളിലും വീട്ടിലും പൊതുദർശനം ഉണ്ടാകും. സംസ്കാരം നാളെ രാവിലെ 11 മണിയോടെ കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പിൽ നടക്കും.

ദീർഘകാലം സി.പി.ഐ കൊല്ലം മുൻ ജില്ല സെക്രട്ടറിയായിരുന്ന ആർ. രാമചന്ദ്രൻ, നിലവിൽ പാർട്ടി സംസ്ഥാന സമിതി അംഗമാണ്. 2016ലെ തെരഞ്ഞെടുപ്പിലാണ് അദ്ദേഹം നിയമസഭാംഗമായത്.

1952ൽ കരുനാഗപ്പള്ളി കല്ലേലിലായിരുന്നു ആർ. രാമചന്ദ്രന്‍റെ ജനനം. സി.പി.ഐ വിദ്യാർഥി, യുവജന സംഘടനകളായ എ.ഐ.എസ്.എഫിലൂടെയും എ.ഐ.വൈ.എഫിലൂടെയുമാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. സി.പി.ഐ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി സെക്രട്ടറി, ചവറ മണ്ഡലം സെക്രട്ടറി, കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചു

2012ല്‍ കൊല്ലം ജില്ല സെക്രട്ടറിയും സംസ്ഥാന നിര്‍വാഹക സമിതി അംഗവുമായി. 2016ല്‍ നിയമസഭയിലേക്ക് മത്സരിക്കുമ്പോഴും ജില്ലാ സെക്രട്ടറിയായി തുടര്‍ന്നു. എൽ.ഡി.എഫ് ജില്ലാ കണ്‍വീനറായിരുന്നു. 2006 മുതൽ 2011 വരെ സിഡ്‌കോ ചെയര്‍മാനായിരുന്നു. 1991ല്‍ പന്മന ഡിവിഷനില്‍ നിന്ന് ജില്ല കൗണ്‍സിലിലേക്കും 2000ല്‍ തൊടിയൂര്‍ ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്കും വിജയിച്ചു. 2004ല്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി.

ഭാര്യ: പ്രിയദര്‍ശിനി (തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ അക്കൗണ്ടന്‍റ്). മകള്‍: ദീപ ചന്ദ്രന്‍. മരുമകന്‍: അനില്‍ കുമാര്‍.

Tags:    
News Summary - CPI leader and Karunagapally former MLA R. Ramachandran passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.