സി.പി.ഐ നേതാവ് സി.എ കുര്യൻ അന്തരിച്ചു

മൂന്നാർ: മുതിർന്ന ട്രേഡ് യൂണിയൻ നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറും സി.പി.ഐ നേതാവുമായ സി.എ കുര്യൻ (88) അന്തരിച്ചു. പുലർച്ചെ മൂന്നാറിൽ ടാറ്റ ടി ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘ നാളുകളായി പ്രായാധിക്യത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പത്താം കേരള നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കർ ആയിരുന്നു. നിലവിൽ സി.പി.ഐ ദേശീയ കൺട്രോൾ കമീഷൻ അംഗമാണ്.

കോട്ടയം പുതുപ്പള്ളിയിൽ ആയിരുന്നു ജനനം. പിതാവ് എബ്രഹാം. അഞ്ച് തവണ കേരള നിയമസഭയിലേക്ക് പീരുമേട് മണ്ഡലത്തിൽ നിന്നും മത്സരിച്ചു. ഇതിൽ മൂന്നു തവണ വിജയിച്ചു. 1977ൽ പീരുമേട് നിയോജക മണ്ഡലത്തിൽ നിന്ന് അഞ്ചാമത്തെ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലഘട്ടത്തിൽ ആറാമത് കേരള നിയമസഭയിലും 1996-2001 കാലഘട്ടത്തിൽ പത്താം കേരള നിയമസഭയിലും ഇതേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചു.

2001 മെയ് 16 വരെ ഡെപ്യുട്ടി സ്പീക്കർ പദവിയിൽ തുടർന്നു. 1984ൽ ഇടുക്കിയിൽ നിന്നും പാർലമെന്‍റിലേക്ക് മത്സരിച്ചിരുന്നു. എ.ഐ.ടി.യു.സിയുടെ സ്റ്റേറ്റ് സെക്രട്ടറി, ഓൾ ഇന്ത്യ

പ്ലാന്‍റേഷൻ വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ദേവികുളം എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ പ്രസിഡന്‍റ്, ഹൈറേഞ്ച് എസ്റ്റേറ്റ് ലേബർ യൂണിയൻ പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു.

മുന്നാറിലെ തേയില തോട്ടം മേഖലയിലെ ഇടതുപക്ഷ പ്രസ്ഥാനം കെട്ടിപ്പെടുത്താൻ മുന്നിട്ടിറങ്ങിയ ഏറ്റവും പ്രധാന നേതാക്കളിൽ ഒരാളായിരുന്നു സി.എ കുര്യൻ. ഡിഗ്രി കോഴ്സിൽ പഠിക്കുമ്പോൾ ബാങ്കിൽ ജോലി നേടി. 1960ൽ ബാങ്ക് ജോലി രാജിവെച്ചതിനു ശേഷം അദ്ദേഹം , ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. യൂണിയൻ പ്രവർത്തനങ്ങൾക്കിടെ കേസുകളിൽപെട്ട് വിവിധ ജയിലുകളിൽ 27 മാസം കിടന്ന ഇദ്ദേഹം 1965-66 കാലഘട്ടത്തിൽ 17 മാസം വിയൂർ ജയിലിൽ തടവിലായിരുന്നു.

സി.പി.ഐയുടെ ദേശിയ കൗൺസിൽ അംഗം തുടങ്ങി നിരവധി സ്ഥാനമാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. എ.ഐ.ടി.യു.സിയുടെ മുന്നാറിലെ അവസാന വാക്കായിരുന്നു സി.എ കുര്യൻ. ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്ക​മ്മ. മ​ക്ക​ൾ: ഷി​ബു, ഡോ. ​ഷെ​റി​ൻ, ഷാ​ജി. മ​രു​മ​ക്ക​ൾ: മി​നി എ​ലി​സ, സു​നി​ത ജേ​ക്ക​ബ്, ഡോ. ​ന​വീ​ന്‍.


Tags:    
News Summary - CPI Leader CA Kurian Dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.