പാലാക്കാട്: പാലക്കാട് നിയമസഭ മണ്ഡലത്തിൽ ബി.ജെ.പി ദുർബലമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇത്തവണ പാലക്കാട് എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് പോരാട്ടം. കഴിഞ്ഞ തവണ യു.ഡി.എഫിന് കിട്ടിയ വോട്ട് ഇക്കുറി അവർക്ക് സാധിക്കില്ല. ഇടതു സ്വതന്ത്ര്യൻ പി.സരിൻ പാലക്കാട് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടെടുപ്പ് മാറ്റിവെച്ചത് കൊണ്ട് ബി.ജെ.പിയിൽ പ്രതിസന്ധി തീരില്ലെന്നും അദ്ദേഹം പറഞ്ഞു. നയം മാറ്റാൻ സി.പി.എം തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് വർഷത്തെ നയത്തിന്റെ പുനഃപരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് ശേഷം രാഷ്ട്രീയപ്രമേയത്തിന്റേയും അടവുനയത്തിന്റേയും അടിസ്ഥാനത്തിൽ ചർച്ച നടത്തും. ചർച്ചകൾക്ക് ശേഷമായിരിക്കും പാർട്ടി നയത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
കോൺഗ്രസിനോടുള്ള സമീപനത്തിൽ സീതാറാം യെച്ചൂരിയുടെ നയം സി.പി.എം മാറ്റിയെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പാർട്ടി കോൺഗ്രസിനുള്ള രാഷ്ട്രീയ അവലോകന റിപ്പോർട്ടിലാണ് നയം മാറ്റം. ഇൻഡ്യ സഖ്യവുമായി സഹകരിക്കുന്നത് പാർലമെന്‍റിലും ചില തെരഞ്ഞെടുപ്പുകളിലും ഒതുങ്ങണം എന്നാണ് റിപ്പോർട്ടിലുള്ളതെന്നും വാർത്തകൾ വന്നിരുന്നു. കോൺഗ്രസിന്‍റെ മൃദു ഹിന്ദുത്വ നിലപാടുകളെ തുറന്നു കാട്ടണം. ഇസ്‍ലാമിക മതമൗലിക വാദത്തെ ശക്തമായി ചെറുക്കണം. ഇടതു പാർട്ടികളുടെ ഐക്യത്തിന് പ്രാധാന്യം നല്കണമെന്നും റിപ്പോർട്ടിലുണ്ടെന്നും വാർത്തകൾ വന്നിരുന്നു.
തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിലും തൊഴിലാളി വിരുദ്ധ നയം ചെറുക്കണമെന്നും സോഷ്യലിസം ബദലാകണം എന്നിങ്ങനെ 14 നിർദേശങ്ങളാണ് കരട് റിപ്പോര്‍ട്ടിൽ മുന്നോട്ട് വെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.