പാലക്കാട് ക്ഷേത്രഭൂമിയിൽ ഉയരുന്നത് 30 കോടിയുടെ ക്രിക്കറ്റ് സ്റ്റേഡിയം; നിർമാണം ജനുവരിയിൽ തുടങ്ങും

തിരുവനന്തപുരം: പാലക്കാട് കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ വന്‍ കായിക പദ്ധതി ഒരുങ്ങുന്നു. മലബാര്‍ ദേവസ്വത്തിന്‍റെ കീഴിലുള്ള പാലക്കാട് ശ്രീചാത്തന്‍കുളങ്ങര ദേവീക്ഷേത്രം ട്രസ്റ്റിന്‍റെ 21 ഏക്കര്‍ സ്ഥലത്താണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയം വരുന്നത്. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കായിക പദ്ധതിയില്‍ രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകള്‍, ഫ്ലഡ് ലൈറ്റ് , ക്ലബ് ഹൗസ് , നീന്തല്‍ കുളം, ബാസ്‌കറ്റ് ബാള്‍ ഫുട്‌ബാള്‍ മൈതാനങ്ങള്‍, കൂടാതെ, മറ്റു കായിക ഇനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഉണ്ടാവും.

ലീസ് എഗ്രിമെന്‍റിന്‍റെ അടിസ്ഥാനത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ 33 വര്‍ഷത്തേക്കാണ് ഭൂമി ഏറ്റെടുക്കുക. പദ്ധതിയിലൂടെ ക്ഷേത്രത്തിനു 21,35,000 രൂപ വാര്‍ഷികം ലഭിക്കും. കൂടാതെ 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും കെ.സി.എ നല്‍കും. പദ്ധതിയുടെ ഭാഗമായി പ്രദേശവാസികള്‍ക്ക് ജോലിക്ക് മുന്‍ഗണന നല്‍കാനും വ്യവസ്ഥ ഉണ്ട്. ക്ഷേത്രത്തിന്‍റെയും അസോസിയേഷന്‍റെയും പേരിലായിരിക്കും സ്‌പോര്‍ട്‌സ് ഹബ് നിർമിക്കുക. ഈ വര്‍ഷം ഡിസംബറില്‍ കരാര്‍ ഒപ്പിടും. 2025 ജനുവരിയോടെ നിർമാണ പ്രവര്‍ത്തനം ആരംഭിക്കും. ആദ്യഘട്ട നിർമാണം 2026 ന് പൂര്‍ത്തിയാക്കാനാണ് തീരുമാനം. രണ്ടാം ഘട്ടം പദ്ധതി 2027 ഏപ്രിലോടെ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

2018ല്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ കോവിഡ് മൂലം വൈകുകയായിരുന്നു. പുതിയ പദ്ധതി ജില്ലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും സ്‌പോര്‍ട്‌സ് ഹബ് പൂര്‍ത്തിയാകുന്നതോടുകൂടി എല്ലാ കായിക ഇനങ്ങളും ഒരു കുടക്കീഴില്‍ വരുന്നത് കായിക മേഖലക്ക് വന്‍ കുതിപ്പ് ഉണ്ടാക്കുമെന്നും പാലക്കാട് ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

Tags:    
News Summary - 30 crore cricket stadium is coming to Palakkad; Construction will begin in January

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.