തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയെ പിന്തുണക്കരുതെന്ന് ആവശ്യപ്പെട്ട് കാനം രാജേന്ദ്രന്റെ കണ്ണ് തുറപ്പിക്കാൻ തുറന്ന കത്തുമായി കെ. ദാമോദരൻ, എം.എൻ. ഗോവിന്ദൻ നായർ, സി. അച്യുതമേനോൻ, എൻ.ഇ. ബലറാം, സി. ഉണ്ണിരാജ തുടങ്ങി കയ്യൂർ രക്തസാക്ഷി കുടുംബത്തിലെ അംഗം ഉൾപ്പെടെ 21 സി.പി.ഐ നേതാക്കളുടെ മക്കൾ.
ജനകീയ വികാരം അവഗണിച്ചുള്ള സി.പി.എം നിലപാടിനോടൊത്ത് നിൽക്കാൻ സി.പി.ഐക്ക് ബാധ്യതയില്ലെന്ന് തങ്ങൾ വിശ്വസിക്കുന്നെന്ന് കത്തിൽ പറയുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ തുടർച്ചയായി പ്രതീക്ഷയോടെ തങ്ങൾ കാണുന്ന സി.പി.ഐയുടെ വർത്തമാനകാല അവസ്ഥയെക്കുറിച്ച ആശങ്കയാണ് കത്തെഴുതാൻ പ്രേരിപ്പിച്ചതെന്ന് നേതാക്കളുടെ മക്കൾ വിശദമാക്കുന്നു. സി.പി.ഐ സംസ്ഥാന നിർവാഹക സമിതി ചൊവ്വാഴ്ച ചേരാനിരിക്കെയാണ് കത്ത് പൊതുസമൂഹത്തിന് മുന്നിലെത്തിയത്.
സാധാരണ ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ള കെ-റെയിൽ പ്രശ്നത്തിൽ വിപുല ചർച്ച കൂടാതെ സി.പി.ഐ നിലപാട് എടുക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് കത്ത് വ്യക്തമാക്കുന്നു.
പാർട്ടി നേതൃത്വം പദ്ധതിക്ക് പച്ചക്കൊടി കാണിക്കുംമുമ്പ് സാമ്പത്തിക-സാമൂഹിക-പരിസ്ഥിതി വിദഗ്ധരുടെ യോഗം വിളിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഒപ്പിട്ടവർ പിതാവ്/ മാതാവ് ബ്രാക്കറ്റിൽ ക്രമത്തിൽ: ഡോ. വി. രാമൻകുട്ടി (സി. അച്യുതമേനോൻ), കെ.പി. ശശി (കെ. ദാമോദരൻ), അംബികാ നായർ (എം.എൻ. ഗോവിന്ദൻ നായർ) എൻ.ഇ. മേഘനാഥ്, ആയിഷാ ശശിധരൻ (എൻ.ഇ. ബാലറാം), എസ്. അനിത, എസ്. അശോക്, എസ്. ശങ്കർ (ശർമാജി), ശാരദാ മൊഹന്തി, പി. ബാബുരാജ് (സി. ഉണ്ണിരാജ), തോമസ് പുന്നൂസ് (പി.ടി. പുന്നൂസ്, റോസമ്മ പുന്നൂസ്), കെ.ജി. താര (കെ. ഗോവിന്ദപ്പിള്ള), അജയകുമാർ കോടോത്ത് (കെ. മാധവൻ), പി.ആർ. ഷൈല (പി. രവീന്ദ്രൻ), സി.പി. രാജേന്ദ്രൻ (പവനൻ), സി. വിമല (വി.വി. രാഘവൻ), ഷീല രാഹുലൻ (പുതുപ്പള്ളി രാഘവൻ), കെ. ഉഷ (കാമ്പിശേരി കരുണാകരൻ), സത്യൻ പോദാര (പോദാര കുഞ്ഞുരാമൻ നായർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.