ഭരണഘടനക്കെതിരായ മന്ത്രിയുടെ പരാമർശം ഗുരുതരവും അനുചിതമെന്ന് സി.പി.ഐ

തിരുവനന്തപുരം: ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമർശത്തിൽ എതിർപ്പുമായി സി.പി.ഐ. ഭരണഘടനക്കെതിരായ പരാമർശം ഗുരുതരവും അനുചിതമെന്നും സി.പി.ഐ പ്രതികരിച്ചു. ആരെങ്കിലും കോടതിയെ സമീപിച്ചാൽ തിരിച്ചടിയുണ്ടായേക്കുമെന്നും സി.പി.ഐ വില‍യിരുത്തി.

മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോന്‍ രംഗത്തെത്തി. 'വളരെ മെച്ചപ്പെട്ട ഒരു ഭരണഘടനയാണ് നമുക്കുളളത്. എന്നാല്‍, വളരെ മോശപ്പെട്ട കൂട്ടരാണ് നമ്മെ ഭരിക്കാന്‍ ക്ഷണിക്കപ്പെടുന്നതെങ്കില്‍ ആ ഭരണഘടനയും വികൃതമാക്കപ്പെടും' എന്ന ഡോ. അംബേദ്കറിന്റെ ഉദ്ധരണി ടി.ടി. ജിസ്‌മോന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

ഭരണഘടന മൂല്യങ്ങള്‍ തകര്‍ക്കാനുള്ള സംഘ്പരിവാറിന്‍റെ ശ്രമങ്ങളെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് രാജ്യമൊട്ടാകെ നടക്കുന്നതെന്ന് ടി.ടി. ജിസ്‌മോന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനയെ മുറുകെ പിടിക്കാനാണ് കാലഘട്ടം നമ്മളോട് ആവശ്യപ്പെടുന്നത്. അതിനിടയിലാണ് ഇത്തരമൊരു പരാമര്‍ശം മന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായത്.

ഏത് സാഹചര്യത്തിലാണ് മന്ത്രി ഇത്തരമൊരു പ്രസംഗം നടത്തിയതെന്ന് അറിയില്ല. എങ്കിലും ഇത്തരമൊരു പ്രസ്താവന ഉണ്ടായത് തെറ്റാണെന്നും ജിസ്‌മോന്‍ ചൂണ്ടിക്കാട്ടി.

മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമർശം

'തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ല. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇവിടെയാണുള്ളത്. പാവപ്പെട്ടവന്റെ അധ്വാനത്തിൽനിന്ന് ലഭിക്കുന്ന മിച്ച മൂല്യം അവന് ശമ്പളം കൊടുക്കാതെ ഉപയോഗിച്ചാണ് അംബാനിയും അദാനിയും കോടീശ്വരൻമാരായത്.

മനോഹര ഭരണഘടനയാണ് ഇന്ത്യയുടേത് എന്ന് നാം പറയാറുണ്ട്. എന്നാൽ, ഈ രാജ്യത്തെ ജനങ്ങളെ ​കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു.

ഈ രാജ്യത്ത് ഏറ്റവും അധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി ​വെച്ചിട്ടുണ്ട്.'

Tags:    
News Summary - CPI react to Minister Saji Cherian Comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.