തിരുവനന്തപുരം: നിശ്ചയിച്ച സമയത്തേക്കാൾ 20 മിനിറ്റ് വൈകിയാണ് പട്ടത്ത് നിന്ന് വിലാപയാത്ര പുറപ്പെട്ടത്. വിലാപയാത്ര പുറപ്പെട്ട് അധികം കഴിയുംമുമ്പ് കേന്ദ്രമന്ത്രി വി. മുരളീധരൻ അന്തിമോപചാരമർപ്പിക്കാനെത്തി. വഴിയരികിൽ വണ്ടി നിർത്തി അദ്ദേഹത്തിന് അവസരമൊരുക്കി. 2.45ഓടെയാണ് വിലാപയാത്ര മണ്ണന്തലയിലെത്തിയത്. വൈകാരികമായി മുദ്രാവാക്യങ്ങളോടെയാണ് പ്രവർത്തകർ മൃതദേഹം വഹിച്ചുള്ള വാഹനത്തെ എതിരേറ്റത്.
കാനത്തിന്റെ ചിത്രം പതിപ്പിച്ച ബാഡ്ജണിഞ്ഞ് സ്ത്രീകളും മുതിർന്നവരുമടക്കം വലിയ ജനക്കൂട്ടം പ്രിയനേതാവിനെ കാണാൻ ഇവിടെ കാത്തുനിന്നു. വാഹനത്തിനുള്ളിൽ കയറി എല്ലാവർക്കും അഭിവാദ്യമേകാൻ സൗകര്യമൊരുക്കിയിരുന്നു. കോവൂർ കുഞ്ഞുമോൻ എം.എൽ.എയും ഇവിടെയുണ്ടായിരുന്നു. ഉച്ചക്ക് മൂന്നോടെ വാഹനം വട്ടപ്പാറയിലെത്തുമ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല; വലിയ ജനാവലി. നിശ്ചിത കേന്ദ്രങ്ങളിലാണ് വാഹനം നിർത്തുകയെന്ന് മുൻകൂട്ടി അറിയിച്ചിരുന്നതെങ്കിലും പലയിടങ്ങളിലും വഴിനീളെ ആളുകൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. കനത്തവെയിലിനെ അവഗണിച്ചും കന്യാകുളങ്ങരയിലും വെമ്പായത്തും പ്രവർത്തകരെത്തി. വെഞ്ഞാറമൂട്, കാരേറ്റ്, കിളിമാനൂർ എന്നിവിടങ്ങളിലാണ് തലസ്ഥാന ജില്ലയിൽ വാഹനം നിർത്തി പൊതുദർശനത്തിന് സൗകര്യമൊരുക്കിയ മറ്റ് കേന്ദ്രങ്ങൾ. കെ.പി. രാജേന്ദ്രൻ, ഇ. ചന്ദ്രശേഖരൻ, ബിനോയ് വിശ്വം, പ്രകാശ് ബാബു അടക്കം നേതാക്കളും സി.പി.ഐ മന്ത്രിമാരും കുടുംബാംഗങ്ങളും വാഹനത്തിലുണ്ടായിരുന്നു.
കണ്ണീർ നനവുള്ള മുദ്രാവാക്യങ്ങൾ നനഞ്ഞ് സ്വന്തം തട്ടകത്തിലേക്ക് മടങ്ങുമ്പോഴും കാനത്തെ സംബന്ധിച്ച് ഒരാഗ്രഹം മാത്രം നിറവേറാതെയുണ്ടായിരുന്നു. അസുഖബാധിതനായി അവധിയിൽ പ്രവേശിക്കവേ, നവീകരണം പൂർത്തിയായ പുതിയ എം.എൻ സ്മാരകത്തിലേക്കായിരിക്കും ഇനി താൻ മടങ്ങിയെത്തുകയെന്ന് കാനം പറഞ്ഞിരുന്നു.
പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ നവീകരണം കാനത്തിന്റെ വലിയ ആഗ്രഹമായിരുന്നു. തലസ്ഥാനത്തുള്ള സമയത്തെല്ലാം ഏറെ സമയം ചെലവഴിച്ചതും എം.എൻ സ്മാരകത്തിലും. പക്ഷേ, അവസാനമെത്തുമ്പോൾ ഇവിടേക്കെത്താനായില്ല.
പട്ടത്തെ പി.എസ് സ്മാരകത്തിലാണ് സംസ്ഥാന കമ്മിറ്റി ഓഫിസ് നിലവിൽ പ്രവർത്തിക്കുന്നതിനാലാണ് ഭൗതിക ശരീരം ഇങ്ങോട്ടേക്കെത്തിച്ചത്.
തിരുവനന്തപുരം: കാനം രാജേന്ദ്രൻ തലസ്ഥാനത്തിന്റെ അന്ത്യാഭിവാദ്യങ്ങളേറ്റു വാങ്ങി യാത്രയായി. 8.50നാണ് കാനത്തിന്റെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് 11.15ഓടെ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ ഓഫിസായി പ്രവര്‍ത്തിക്കുന്ന പട്ടം പി.എസ് സ്മാരകത്തിലേക്ക് വിലാപയാത്രയായി മൃതദേഹം എത്തിച്ചു.
സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി, മുതിര്‍ന്ന നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്, കെ.ഇ. ഇസ്മയില്‍, സി. ദിവാകരന്, ദേശീയ എക്സിക്യുട്ടിവ് അംഗങ്ങളായ കെ. പ്രകാശ്ബാബു, സത്യന് മൊകേരി, പി. സന്തോഷ് കുമാര്‍ എം.പി, സംസ്ഥാന അസി. സെക്രട്ടറി പി.പി. സുനീര്‍, എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്, മന്ത്രിമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പാര്‍ട്ടി പതാക പുതപ്പിച്ചു.
സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. നാരായണ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണി, വി.എം. സുധീരന്, കൊടിക്കുന്നിൽ സുരേഷ് എം.പി, സി.പി.എം നേതാക്കളായ എ.കെ. ബാലന്, പി.കെ. ശ്രീമതി, എം. വിജയകുമാര്‍, എസ്. രാമചന്ദ്രന്‍പിള്ള, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, എൽ.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍, പി.കെ. കുഞ്ഞാലിക്കുട്ടി, മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍, കേന്ദ്രമന്ത്രി വി. മുരളീധരന്, മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, എം.എൽ.എമാരായ മുഹമ്മദ് മുഹ്സിന്, വി.കെ. പ്രശാന്ത്, വി. ശശി, വി.ആര്. സുനില്‍കുമാര്‍, കടകംപള്ളി സുരേന്ദ്രന്, കെ.കെ. ശൈലജ, സി.കെ. ആശ, വി. ജോയ്, ഡി.കെ. മുരളി തുടങ്ങി നൂറുകണക്കിനു പേര് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.