കണ്ണൂർ: ഏക സിവിൽകോഡ് സെമിനാറിനും ഫലസ്തീൻ ഐക്യദാർഢ്യറാലിക്കും മുസ്ലിം ലീഗിനെ മാടിവിളിക്കുന്ന സി.പി.എമ്മിന് സ്വന്തം മുന്നണിയിലെ സി.പി.ഐയെ തന്നെ മുഴുവൻ വേണ്ട. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിയോജക മണ്ഡലമായ തളിപ്പറമ്പിലാണ് സി.പി.ഐയെ പൂർണമായും അടുപ്പിക്കാത്തത്. നവകേരള സദസ്സിന്റെ മുന്നോടിയായുള്ള വിവിധ യോഗങ്ങളിലും എൽ.ഡി.എഫ് കുടുംബസംഗമത്തിലേതുപോലെ സി.പി.ഐ തളിപ്പറമ്പ് ലോക്കൽ കമ്മിറ്റിയെയാണ് അകറ്റി നിർത്തുന്നത്.
നവകേരള സദസ്സിനു മുന്നോടിയായി തളിപ്പറമ്പ് മണ്ഡലത്തിലെ 194 ബൂത്തുകളിൽ വീട്ടുമുറ്റ സദസ്സുകൾ വെള്ളിയാഴ്ച പൂർത്തിയായപ്പോൾ സി.പി.ഐ തളിപ്പറമ്പ് ലോക്കൽ കമ്മിറ്റി ഉൾപ്പെടുന്ന പ്രദേശത്ത് സി.പി.എം ഒറ്റക്കാണ് ഈ പരിപാടി നടത്തിയത്. സി.പി.എം വിട്ടുപോയവർ പ്രവർത്തിക്കുന്നുവെന്നതാണ് തളിപ്പറമ്പ് ലോക്കൽ കമ്മിറ്റിയോടുള്ള അയിത്ത കാരണം. നഗരസഭ മുൻ വൈസ് ചെയർമാൻ മുരളീധരൻ കോമത്തിന്റെ നേതൃത്വത്തിൽ സി.പി.എം വിട്ട 50ഓളം പേർ എത്തിയശേഷം രൂപവത്കരിച്ചതാണ് സി.പി.ഐയുടെ ഈ ലോക്കൽ കമ്മിറ്റി.
സി.പി.ഐയുടെ നാല് മന്ത്രിമാർ കൂടി പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ സംഘാടക സമിതി രൂപവത്കരണത്തിലും ഈ കമ്മിറ്റിയെ ക്ഷണിച്ചില്ല. അതിനാൽ, സി.പി.ഐ തളിപ്പറമ്പ് ലോക്കലിൽനിന്നുള്ള ഒരാളും നവകേരള സദസ്സ് സംഘാടകസമിതി ഭാരവാഹികളുമല്ല.
സംസ്ഥാനമാകെ മണ്ഡലതലത്തിൽ എൽ.ഡി.എഫ് കുടുംബസംഗമം നടത്തിയ വേളയിൽ തളിപ്പറമ്പിൽ സി.പി.എമ്മും സി.പി.ഐയും വെവ്വേറെ നടത്തിയത് വലിയ വാർത്തയായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മണ്ഡലത്തിൽ തന്നെ സി.പി.ഐയുമായി ഇടഞ്ഞുനിൽക്കുന്നത് പാർട്ടിക്ക് നാണക്കേടുമായി. അതേയവസ്ഥ മണ്ഡലത്തിൽ ഇപ്പോഴും തുടരുന്നു. ഒരു ലോക്കൽ കമ്മിറ്റിയെ നിരന്തരം മാറ്റിനിർത്തുന്നതിൽ സി.പി.ഐയിൽ കടുത്ത അസംതൃപ്തിയുമുണ്ട്. സെമിനാറിനും റാലിക്കും നിരന്തരം ക്ഷണിക്കുകയും ലീഗ് നിരസിക്കുകയും ചെയ്യുമ്പോഴും ലീഗിനെ കുറിച്ച് നല്ലത് പറയാൻ മത്സരിക്കുകയാണ് സി.പി.എം നേതാക്കൾ എന്നാണ് ഇവരുടെ പരാതി. മുന്നണിയിലെ പ്രശ്നം പോലും പരിഹരിക്കാതെ ലീഗിനൊപ്പം പോവുകയാണ് നേതാക്കളെന്നും സി.പി.ഐ നേതാക്കൾ പരിഹസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.