മഞ്ചേരി: കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോൺഗ്രസ് പിന്തുണയോടെ പാസായി. ഇതോടെ മുസ്ലിം ലീഗ് അംഗം പി.വി. ഉസ്മാന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. സി.പി.എം അംഗമായ 15ാം വാർഡ് മെംബർ ചന്ദ്രനാണ് അവിശ്വാസ നോട്ടീസ് നൽകിയത്.
വ്യാഴാഴ്ച രാവിലെ 10.30ന് അവിശ്വാസപ്രമേയം വായിച്ചുകേൾപ്പിച്ചു. ഉച്ചക്ക് 1.10നാണ് വോട്ടെടുപ്പ് തുടങ്ങിയത്. 19 അംഗങ്ങളും പങ്കെടുത്തു. സി.പി.എമ്മിലെ ഏഴും കോൺഗ്രസിലെ മൂന്നും അംഗങ്ങൾ അവിശ്വാസത്തെ പിന്തുണച്ചു. ലീഗിലെ ഒമ്പത് അംഗങ്ങൾ എതിർത്തു.
കോൺഗ്രസിന്റെ എതിർപ്പ് മറികടന്ന് ചെങ്ങര മട്ടത്തിരിക്കുന്നിൽ പഞ്ചായത്ത് അധീനതയിലുള്ള ഭൂമിയിൽ അജൈവ മാലിന്യം വേർതിരിച്ച് സൂക്ഷിക്കുന്ന എം.സി.എഫ് കേന്ദ്രം സ്ഥാപിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ലീഗ്-കോൺഗ്രസ് ബന്ധം തകരുന്നതിലേക്കു നയിച്ചത്. ഇത് ഭരണത്തിലും പ്രതിഫലിച്ചു.
ലീഗുമായുള്ള തർക്കത്തെതുടർന്ന് കോൺഗ്രസ് അംഗം ഷഹർബാൻ ശരീഫ് വൈസ് പ്രസിഡൻറ് പദവി രാജിവെച്ച ഒഴിവിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ മുന്നണിബന്ധം അവസാനിപ്പിച്ച് കോൺഗ്രസിന്റെ മൂന്ന് അംഗങ്ങൾ സി.പി.എം സ്ഥാനാർഥിക്ക് വോട്ട് ചെയ്തിരുന്നു.
സി.പി.എമ്മിന്റെ അവിശ്വാസത്തെ പിന്തുണക്കരുതെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കാവനൂരിലെ കോൺഗ്രസ് നേതൃത്വത്തെ ബന്ധപ്പെട്ടിരുന്നു. ലീഗിന് ഒമ്പതും സി.പി.എമ്മിന് ഏഴും കോൺഗ്രസിന് മൂന്നും അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.