ആലപ്പുഴ: ആലപ്പുഴയിലെ സി.പി.എം വിഭാഗീയതക്ക് മൂക്കുകയറിടാൻ കടുത്ത നടപടിയുമായി സംസ്ഥാന നേതൃത്വം. കഴിഞ്ഞ സമ്മേളനകാലത്ത് ജില്ലയിലെ നാല് ഏരിയ കമ്മിറ്റികളിൽ ചേരിതിരിഞ്ഞുള്ള വിഭാഗീയതയുമായി ബന്ധപ്പെട്ട് പി.പി. ചിത്തരഞ്ജൻ എം.എൽ.എ അടക്കമുള്ള ജില്ല-ഏരിയ നേതാക്കൾക്ക് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നോട്ടീസ് നൽകി. വിശദീകരണം ഈമാസം 10നകം നൽകണം. പി.കെ. ബിജുവും ടി.പി. രാമകൃഷ്ണനും അംഗങ്ങളായ കമീഷൻ സംസ്ഥാന നേതൃത്വത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ ആലപ്പുഴയിലെ വിഭാഗീയതയിൽ ഉന്നതനേതാക്കളടക്കമുള്ളവർ പങ്കാളികളായെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കടുത്ത നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഈ ശിപാർശ അംഗീകരിച്ചാണ് 25 പേർക്കെതിരെ നോട്ടീസ് നൽകിയത്.
ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.പി. ചിത്തരഞ്ജൻ എം.എൽ.എ, എം. സത്യപാലൻ, ജില്ല കമ്മിറ്റി അംഗങ്ങളായ സി.കെ. സദാശിവൻ, വി.വി. അശോകൻ, ഏരിയ സെക്രട്ടറിമാരായ എൻ. സോമൻ (ഹരിപ്പാട്), വി.ടി. രാജേഷ് (ആലപ്പുഴ നോർത്ത്), വി.എൻ. വിജയകുമാർ (ആലപ്പുഴ സൗത്ത്), തകഴി ഏരിയ കമ്മിറ്റി അംഗം സുധിമോൻ, ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗങ്ങളായ പി.പി. പവനൻ, എം. സുനിൽകുമാർ, കെ.ജി. ജയലാൽ, ജയപ്രസാദ്, ബി.കെ. ഫൈസൽ, മുൻ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ, മുൻ ഏരിയ കമ്മിറ്റി അംഗം ടി.എ. നിസാർ, എം.ബി. അൽത്താഫ്, ലോക്കൽ കമ്മിറ്റി അംഗം വി.ജി. വിഷ്ണു, നോർത്ത് ഏരിയ കമ്മിറ്റിയിലെ എ. ഷാനവാസ്, ഡി. സുധീഷ്, കെ.ജെ. പ്രവീൺ, ജില്ല കമ്മിറ്റി ഓഫിസ് സെക്രട്ടറി കമൽ എന്നിവരടക്കമുള്ളവർക്ക് നോട്ടീസ് നൽകിയതായി വിവരം.
സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ, മന്ത്രി സജി ചെറിയാൻ ഗ്രൂപ്പുകളുടെ ഭാഗമായവർക്കാണ് കൂടുതലും നോട്ടീസ് ലഭിച്ചതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.