തൃശൂർ മോഡൽ വിഷുകൈനീട്ടം ബി.ജെ.പി ചെങ്ങന്നൂരിലും നടപ്പിലാക്കിയെന്ന് സി.പി.എം

ചെങ്ങന്നൂർ: തൃശൂർ മോഡൽ വിഷുകൈനീട്ടം ബി.ജെ.പി ചെങ്ങന്നൂരിലും നടപ്പിലാക്കിയെന്ന് സി.പി.എം. കൈനീട്ടമെന്ന പേരിൽ തരംതാണ രാഷ്ട്രീയ ലക്ഷ്യത്തോടെ ചെങ്ങന്നൂരിലെ വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ബി.ജെ.പി പ്രവർത്തകർ സാമ്പത്തിക വിതരണം നടത്തുകയാണെന്ന് ഏരിയ കമ്മിറ്റി ആരോപിച്ചു. വിഷു ദിനത്തിൽ ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിനു മുമ്പിൽ ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എം.വി ഗോപകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു വിതരണം.

നാളിതു വരെ കാണിക്കാത്ത ശുഷ്കാന്തിയോടെ വിഷുദിനത്തിൽ ഇവർ നടത്തിയ സാമ്പത്തിക വിതരണം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള തിരക്കഥയുടെ ഭാഗമാണെന്നും വിശ്വാസികളെ സ്വാധീനിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും ഏരിയ സെക്രട്ടറി എം. ശശികുമാർ പറഞ്ഞു.

ക്ഷേത്രങ്ങളെ രാഷ്ട്രീയ കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന സംഘ്പരിവാറിന്‍റെ നയമാണ് ഇവിടെ ആവർത്തിക്കുന്നത്. ആളുകളെ സാമ്പത്തികം നൽകി സ്വാധീനിക്കുക എന്ന ഉത്തരേന്ത്യൻ പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിത്. ചെങ്ങന്നൂർ ഉപതെരെഞ്ഞെടുപ്പ് മുതൽ ഇത്തരത്തിലുള്ള സാമ്പത്തിക വിതരണം വ്യാപകമായി നടപ്പാക്കുന്നുണ്ട്.

ബി.ജെ.പി ജില്ലാ പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ കണക്കില്ലാതെ ചെലവഴിക്കുന്ന ഇത്തരം പണത്തിന്‍റെ ഉറവിടം അന്വേഷിക്കണമെന്നും എം. ശശികുമാർ ആവശ്യപ്പെട്ടു.

Tags:    
News Summary - CPM accused BJP has implemented Thrissur model 'Vishukaineetham' in Chengannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.