സമരം അക്രമത്തിലേക്ക് വഴിതിരിച്ചു വിട്ടത് സി.പി.എമ്മും ഡി.വൈ.എഫ്.ഐ ഗുണ്ടകളും -വി.ഡി. സതീശൻ

തിരുവനന്തപുരം: കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനും സംസ്ഥാനത്തുടനീളമുള്ള കോണ്‍ഗ്രസ് ഓഫിസുകളും ആക്രമിച്ച സി.പി.എം നടപടിയെ കടുത്ത ഭാഷയില്‍ അപലപിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിക്കെതിരെ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമാണ് യു.ഡി.എഫും കോണ്‍ഗ്രസും നടത്തിയത്. സമരം അക്രമത്തിലേക്ക് വഴിതിരിച്ചു വിട്ടത് സി.പി.എമ്മും ഡി.വൈ.എഫ്.ഐ ഗുണ്ടകളുമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും മുതിര്‍ന്ന നേതാവായ എ.കെ ആന്റണി ആക്രമണത്തില്‍നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ കാര്‍ അക്രമികള്‍ തകര്‍ത്തു. സകല രാഷ്ട്രീയ മര്യാദകളും ലംഘിക്കുന്ന പ്രവൃത്തിയാണ് സി.പി.എം നേതാക്കളുടെ അറിവോടെ നടന്നത്.

മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ സമരത്തെ അക്രമം കൊണ്ട് അടിച്ചമര്‍ത്താമെന്ന് കരുതരുത്. കെ.പി.സി.സി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും വഴിയില്‍ ഇറങ്ങാന്‍ സമ്മതിക്കില്ലെന്നാണ് സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും വെല്ലുവിളി. ആ വെല്ലുവിളി ഞങ്ങള്‍ ഏറ്റെടുക്കുന്നു. കേരളത്തിന്റെ തെരുവിലൂടെ നടക്കാന്‍ സി.പി.എം അനുമതി ആവശ്യമില്ല.

വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുദ്രാവാക്യം വിളിച്ചത് ഭീകര പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നത് വിചിത്രമാണ്. 'പ്രതിഷേധം' എന്ന മുദ്രാവാക്യം വിളിച്ചാല്‍ അത് എങ്ങനെയാണ് ഭീകരപ്രവര്‍ത്തനമാകുന്നത്?. അതില്‍ നിയമലംഘനമുണ്ടെങ്കില്‍ കേസെടുക്കാം. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മർദിച്ച ഇ.പി ജയരാജനെതിരെയും കേസെടുക്കണം. മുഖ്യമന്ത്രിക്കെതിരായ സമരം ഇനിയും ശക്തമായി തുടരുമെന്നും അദ്ദേഹം വാർത്ത കുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - CPM and DYFI turn strike into violence - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.