തൃശൂരില്‍ ബി.ജെ.പി സ്ഥാനാർഥിയെ വിജയിപ്പിക്കാൻ സി.പി.എമ്മും സംഘ്പരിവാറും ഗൂഢാലോചന നടത്തുന്നു -പ്രതിപക്ഷ നേതാവ്

ന്യൂഡൽഹി: തൃശൂരില്‍ ബി.ജെ.പി സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള ഗൂഢാലോചന സി.പി.എമ്മും സംഘ്പരിവാറും നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതിനെയൊക്കെ നേരിട്ട് യു.ഡി.എഫ് ഉജ്ജ്വല വിജയം നേടുമെന്ന ആത്മ വിശ്വാസമുണ്ട്. അതിനുള്ള തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ ഒരുപോലെ വെറുക്കുന്ന ജനങ്ങളാണ് കേരളത്തിലുള്ളത്. തൃശൂരില്‍ കഴിഞ്ഞ തവണ കിട്ടിയ വോട്ടുകള്‍ പോലും ഇത്തവണ ബി.ജെ.പിക്ക് കിട്ടില്ല. ബി.ജെ.പിയുടെ വര്‍ഗീയ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന് കേരളത്തില്‍ ഒരു പ്രസക്തിയുമില്ല. പ്രധാനമന്ത്രി എന്ത് പ്രസംഗിച്ചാലും ബി.ജെ.പിക്ക് കേരളത്തില്‍ ഒരു സീറ്റ് പോലും നേടാനാകില്ല.

ഇപ്പോള്‍ ക്രൈസ്തവരുടെ വീടുകള്‍ കയറി ഇറങ്ങുകയാണ്. ഇന്ത്യയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ട വര്‍ഷങ്ങളാണ് കടന്നു പോയത്. എഴുനൂറോളം ആക്രമണങ്ങളാണ് 2023ല്‍ ക്രൈസ്തവര്‍ക്കെതിരെ ഉണ്ടായത്. 250ല്‍ അധികം ക്രൈസ്തവ ദേവാലയങ്ങളാണ് മണിപ്പൂരില്‍ കത്തിച്ചു കളഞ്ഞത്. അവിടെ നോക്കുകുത്തിയായിരുന്നു പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും. വൈദികരും പാസ്റ്റര്‍മാരും ആക്രമിക്കപ്പെടുകയും ക്രിസ്മസ് ആഘോഷങ്ങള്‍ പാടില്ലെന്നാണ് മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ ഉത്തരവിട്ടത്.

ക്രൈസ്തവ വിരുദ്ധമായ ഈ നിലപാടുകളെല്ലാം മറച്ചുവച്ചാണ് സംഘ്പരിവാറുകാര്‍ കേരളത്തിലെ ക്രൈസ്തവരുടെ വീട്ടില്‍ കേക്കുമായി പോകുന്നത്. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെയാണ് കേരളത്തിലെ സംഘ്പരിവാറുകാര്‍ പെരുമാറുന്നതെന്നത് തിരിച്ചറിയാനുള്ള ബോധ്യം കേരളത്തിലെ ക്രൈസ്തവ വിശ്വാസികള്‍ക്കും മതമേലധ്യക്ഷന്‍മാര്‍ക്കും ഉണ്ട്. അവര്‍ സംഘ്പരിവാറുകാരെ ആട്ടിയോടിക്കും.

സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. ഗുസ്തി താരങ്ങളുടെ വിഷയത്തിലും അവര്‍ അതേ നിലപാടാണ് സ്വീകരിച്ചത്. ഗുസ്ത താരങ്ങള്‍ക്ക് കണ്ണീരോടെ മെഡലുകള്‍ ഉപേക്ഷിക്കേണ്ടി വന്നു. എം.പിയെയും രാഷ്ട്രീയമായി കൂടെ നില്‍ക്കുന്നവരെയും സംരക്ഷിക്കാന്‍ സ്ത്രീവിരുദ്ധ നിലപാടാണ് കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും സ്വീകരിച്ചത്.

മണിപ്പൂരിലെ സ്ത്രീകള്‍ക്കു വേണ്ടി അവര്‍ എന്ത് നിലപാടാണ് സ്വീകരിച്ചത്? സ്ത്രീകള്‍ക്ക് തുല്യ പ്രധാന്യം ലഭിക്കുന്ന പുതിയ വ്യവസ്ഥയില്‍ വിശ്വസിക്കുന്നവരല്ല ബി.ജെ.പി. വരേണ്യ വിഭാഗങ്ങളെ മാത്രം തൃപ്തിപ്പെടുത്തുന്നതാണ് അവരുടെ രീതി. ബി.ജെ.പിയുടെ ഈ ആശയങ്ങളൊന്നും പുരോഗമന നിലപാടുള്ള കേരളം ഒരു തരത്തിലും സ്വീകരിക്കില്ല.

സി.പി.എം കേരളത്തില്‍ മാത്രമെയുള്ളൂ. ദേശീയ തലത്തില്‍ ഇൻഡ്യ മുന്നണിയുടെ ഭാഗമാണെങ്കിലും കേരളത്തില്‍ സി.പി.എം യു.ഡി.എഫുമായി ഏറ്റുമുട്ടുന്ന വ്യത്യസ്ത രാഷ്ട്രീയമാണ്. എന്നിട്ടും ബി.ജെ.പിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി ഇൻഡ്യ മുന്നണിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടെന്ന് നിലപാട് എടുത്തത് മുഖ്യമന്ത്രി ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള പി.ബി അംഗങ്ങളാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Tags:    
News Summary - CPM and Sangh Parivar are conspiring to win BJP candidate in Thrissur - Opposition leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.